വിദ്യാര്‍ഥികളിലെ ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല പരിശീലനത്തിന് തുടക്കമായി. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വ്യത്യസ്ത നിലവാരക്കാരായ കുട്ടികളെ മുഴുവന്‍ പ്രാഥമിക പഠന നേട്ടങ്ങള്‍ ആര്‍ജിക്കുന്നതിന് പ്രാപ്തരാക്കുന്ന ഗണിത പഠന പാക്കേജാണിത്.

ഗെയിം ബോര്‍ഡുകള്‍, മുത്തുകള്‍, സംഖ്യ കാര്‍ഡുകള്‍, ഡയസുകള്‍ എന്നിവ അടങ്ങിയ പഠന കിറ്റുകള്‍ സമഗ്ര ശിക്ഷ എല്ലാ സ്‌കൂളുകളിലും എത്തിക്കും. ഇവ ഉപയോഗിച്ചും കളിച്ചും കഥകളും പാട്ടുകളിലൂടെയും അടിസ്ഥാന ഗണിത ശേഷികള്‍ കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കും. ഇതിലൂടെ കുട്ടിക്ക് ലഭിക്കുന്ന ആത്മവിശ്വാസം ഗണിതത്തിനോടുള്ള പേടിമാറ്റി പഠനം ഉല്ലാസമാക്കാനും സാധിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഒന്നാം ക്ലാസ് അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

പദ്ധതിയുടെ ജില്ലാതല പരിശീലനം ഒറ്റപ്പാലത്ത് ഡി.പി.ഒ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. വെങ്കിടേശ്വരന്‍, സുനില്‍, സല്‍മ, അച്യുതന്‍കുട്ടി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.