ജില്ലയില്‍ കയര്‍ ഉല്‍പ്പാദനത്തിന് തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്ക് റാട്ടകള്‍ കനത്ത മഴയില്‍ കേടുവന്നതിനാല്‍ പകരം പുതിയ റാട്ടകള്‍ നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി കയര്‍ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സംസ്ഥാന കയര്‍ മെഷ്യനറി മാനുഫാക്ച്ചറിംഗ് കമ്പനി മുഖാന്തരം നല്‍കിയ യന്ത്രസാമഗ്രികള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള നടപടികളും ആരംഭിച്ചു.
കനത്ത മഴയിലും കാറ്റിലും വെളളപ്പൊക്കത്തിലും കോഴിക്കോട് ജില്ലയിലെ കയര്‍ മേഖലയ്ക്ക് കനത്ത നഷ്ടമാണുണ്ടായത്. ജില്ലയിലെ 58 കയര്‍ സഹകരണ സംഘങ്ങളില്‍ 43 എണ്ണത്തിലും നാശനഷ്ടങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടൂതല്‍ നാശം വന്നിട്ടുളളത് ഒളവണ്ണ, ഫറോക്ക്, നല്ലളം, പെരുമണ്ണ, കോഴിക്കോട് നഗരസഭ പ്രദേശങ്ങളിലുളള സംഘങ്ങള്‍ക്കാണ്.
ഫറോക്ക്, ഇരിങ്ങല്ലൂര്‍, ഒടുമ്പ്ര കയര്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിച്ച ചകിരിമില്ലുകള്‍ പൂര്‍ണ്ണമായും വെളളത്തില്‍ മുങ്ങി. വെളളത്തില്‍ മുങ്ങിയ മറ്റു സംഘങ്ങളിലെ വില്ലോയിംഗ് മെഷ്യനുകള്‍, ഇലക്‌ട്രോണിക്ക് റാട്ടകള്‍ എന്നിവയും നശിച്ചിട്ടുണ്ട്. അതുപോലെ വീടുകളില്‍ നിന്ന് കയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കയര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ 170 ഇലക്‌ട്രോണിക്ക് റാട്ടകളും വെളളത്തില്‍ മുങ്ങികേടുവന്നിട്ടുണ്ട്.
മിക്ക സംഘങ്ങളുടേയും കെട്ടിടങ്ങള്‍ കനത്ത മഴയേയും വെളളപ്പൊക്കത്തേയും തുടര്‍ന്ന് ചുമരുകള്‍ക്ക് വിളളല്‍ വീണും, തറ താഴ്ന്ന്‌പോയും, മേല്‍ക്കൂര ചരിഞ്ഞുവീണും, താല്‍ക്കാലിക ഷെഡുകള്‍ കാറ്റില്‍പറന്നുപോയും നഷ്ടം വന്നു. വെളളം കയറിയ സംഘങ്ങളില്‍ ഇലക്ട്രിക്കല്‍ വയറിംങ്ങും താറുമാറായി.
വെളളം കയറിയ സംഘങ്ങളില്‍ സ്റ്റോക്കുണ്ടായിരുന്ന ചകിരിനാരും കയറും ഉപയോഗ ശൂന്യമായിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് 144 ലക്ഷം രൂപയുടെ നാശനഷ്ടവും 73 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ കേടുവന്നതും 23 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നശിച്ചു പോയതുമായി ആകെ 2 കോടി 40 ലക്ഷം രൂപയുടെ നഷ്ടം ജില്ലയിലുണ്ടായി. ഇതുകൂടാതെ 53 സംഘങ്ങളിലെ 1538 തൊഴിലാളികള്‍ക്കാണ് ആകെ 9706 തൊഴില്‍ ദിനങ്ങള്‍ നഷ്ടമായിട്ടുള്ളത്.