ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ച് അടിയന്തര റിപോർട്ട് നൽകാൻ സർക്കാർ നിർദേശം. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളിൽ പരിശോധന നടത്താൻ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ആഗസ്റ്റ് 21ന് തന്നെ അതാത് ജില്ലകളിലെത്തി ഒരാഴ്ചക്കുള്ളിൽ പരിശോധന റിപോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം.
വയനാട് ജില്ലയിൽ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും ഓരോ ജിയോളജുസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളിൽ റിപോർട്ട് സമർപ്പിക്കണം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിർദേശങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് നൽകണം. അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താൻ സംസ്ഥാനത്താകെ 49 ടീമിനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.