പുത്തുമല ഉരുൾപൊട്ടലിൽ അവശേഷിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുർഘടമായ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നത്. കൂടാതെ പ്രദേശവാസികളുടെ കൂടി സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പുത്തുമലയിൽ നിന്നും ഏഴു കീലോമീറ്ററോളം താഴെയാണ് നിലവിൽ തിരച്ചൽ നടത്തുന്ന സ്ഥലം. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ കൂടുതൽ രാസപരിശോധനകൾക്കായി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ നിന്നുള്ള നാഷണൽ ജിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷൻ റഡാർ സംവിധാനം ഇന്നലെ വൈകിട്ടോടെ തിരിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാർ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. നിലവിൽ തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് റഡാർ സംവിധാനം പ്രവർത്തിക്കാനും കഴിയാത്ത സാഹചര്യമാണ്. പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് അഞ്ചു പേരെയാണ്.