ആര്‍ത്തലച്ചെത്തിയ പേമാരിയെ അതിജീവിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സൗഹൃദ തൂക്കുപാലം. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മേലെതൊഡുക്കി, താഴെ തൊഡുക്കി,  ഗലസി ഊരുകളിലെ ഗ്രോതവിഭാഗക്കാര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട യാത്രക്ലേശത്തിന് പരിഹാരമായാണ് ഐ.ടി.ഡി. പി. യുടെ നേതൃത്വത്തില്‍ ഭവാനിപ്പുഴക്ക് കുറുകെ തൂക്ക്പാലം നിര്‍മിച്ചത്.
ഇക്കഴിഞ്ഞ ആഴ്ചയിലെ  പ്രളയത്തില്‍ പുഴ കരകവിഞ്ഞ്  തൂക്കുപാലത്തിന് മുകളിലൂടെ വെള്ളം അതിശ്കതമായി ഒഴുകിയപ്പോഴും പാലം തകരാതെ പിടിച്ചു നിന്നു. 10 മീറ്റര്‍ മുളപാളികള്‍ മാത്രമാണ്  നഷ്ടപ്പെട്ടത്. പാലം നിര്‍മിക്കുന്നതിന് മുന്‍പ് ഊരുകളിലെ എഴുപതോളം കുടുംബങ്ങള്‍ക്ക് 26 കിലോമീറ്ററിലധികം  മലയും കുന്നും കയറി വിജനമായ കാട്ടിലൂടെ വന്യമൃഗങ്ങളെഭയന്ന് വേണം പ്രധാന റോഡിലെത്താന്‍. മഴക്കാലങ്ങളില്‍ പുഴ നിറഞ്ഞു ഒഴുകിയാല്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന പ്രദേശവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് പാലം നിര്‍മിച്ചതിലൂടെ യാഥാര്‍ഥ്യമായത്.


പാലം നിര്‍മിച്ചത് കേവലം 9.6 ലക്ഷം ചിലവില്‍

95 മീറ്റര്‍ നീളത്തില്‍ 9.6 ലക്ഷം രൂപ ചെലവഴിച്ച് ഐ.ടി.ഡി.പി.യുടെ  നേതൃത്വത്തില്‍ അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തൂക്കുപാലം നിര്‍മ്മിച്ചത്. സ്വകാര്യ കമ്പനി 1.95 കോടി രൂപയ്ക്ക്  നിര്‍മ്മിക്കാനിരുന്ന പാലമാണ് ഐ.ടി. ഡി.പി. കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചത്. പുഴയുടെ നടുവില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളിലൂടെ മുളയും അയേണ്‍ റോപ്പുകളും ഉപയോഗിച്ച്  ഒരുമാസത്തോളം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.  ശക്തമായ കാറ്റിനെയും മഴയേയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സാങ്കേതിക യും ഗ്രാമീണരുടെ സാങ്കേതികതയും പ്രയോജനപ്പെടുത്തി പ്രദേശവാസികളുടെ  സഹകരണത്തോടെയാണ് പാലം നിര്‍മിച്ചത്.