പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി  നിര്‍വഹിച്ചു. 2018 – 19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് അനുവദിച്ച ഒരു കോടിയിലാണ് ഒന്നാംഘട്ട കെട്ടിടനിര്‍മ്മാണം നടക്കുക. അഞ്ച് നിലകളിലായി  24187 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് വിഭാവനം ചെയുന്നത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടത്തുന്നതെന്നും പശ്ചാത്തല സൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ പഞ്ചായത്ത് ശ്രദ്ധചെലുത്തുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പഞ്ചകര്‍മ്മ ചികിത്സാ വിധികള്‍ക്കായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, ഫാര്‍മസി, സംഭരണമുറി,  ലബോറട്ടറി, എല്ലാ നിലകളിലേക്കും ലിഫ്റ്റ് സൗകര്യങ്ങള്‍, അവശരായ രോഗികള്‍ക്കായി പ്രത്യേകം റാമ്പുകള്‍, സ്റ്റാഫ് ഡ്രസ്സിങ് റൂം, ഔട്ട് പേഷ്യന്റ് വിഭാഗം,  ഫീഡിങ്ങ് റൂം, ഡോക്ടര്‍സ് റൂം,  ടോയ്‌ലെറ്റുകള്‍, ലേബര്‍ റൂം,  ഓപ്പറേഷന്‍ തിയേറ്റര്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍, പേ – വാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  കെട്ടിടം നിര്‍മിക്കുക.
പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അച്യുതന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് വി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എല്‍ സിന്ധു, ഡോ. സുനിത, വി.വി. സജിനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.