ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഒളവണ്ണയിലും മാവൂരും ഹരിതകേരളം മിഷനും തൊഴില്‍ നൈപുണ്യ വകുപ്പ് ഐ.ടി.ഐ യും ചേര്‍ന്നുള്ള ഉപകരണങ്ങളുടെ റിപ്പയര്‍ ക്യാമ്പ് ആരംഭിച്ചു. ഇതിനോടൊപ്പം കേരള സ്റ്റേറ്റ് ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍സ്, കേരള ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് യൂണിയന്‍,  കണ്ണിപ്പറമ്പ് അജ്ഞലി ആര്‍ട്സ് ആന്റ്  സ്പോട്സ് ക്ലബ് ടെക്നിക്കല്‍ ഫോറം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെക്നീഷ്യന്‍സ് അസോസിയേഷന്റെ തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ക്യാമ്പിലുണ്ട്. ഒളവണ്ണ പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.തങ്കമണി നിര്‍വ്വഹിച്ചു.
 ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരിച്ച് സ്വാഗതം പറഞ്ഞു.  നൈപുണ്യ കര്‍മ്മസേനയുടെ ജില്ലാ കോര്‍ഡിനേറ്ററും കോഴിക്കോട് ഐ.ടി.ഐ ഇന്‍സ്ട്രക്റ്ററുമായ പി. രാജ്മോഹന്‍ ജില്ലയില്‍ വിവിധ ഇടങ്ങളിലായി ഐ.ടി.ഐ നടത്തുന്ന സേവനങ്ങള്‍ വിശദീകരിച്ചു. കെ.എസ്, ഇ, എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എ. സുന്ദരന്‍ ജനറല്‍ സെക്രട്ടറി എസ്. സതീശന്‍, കെ.ഇ.ടി.യു ജില്ലാ പ്രസിഡന്റ് ജയരാജ് മാത്യു, സനത്കുമാര്‍. പി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി നന്ദി പറഞ്ഞു. കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ നിന്ന് 5 അദ്ധ്യാപകരും 11 വിദ്യാര്‍ത്ഥികളും, ടെക്നീഷ്യന്‍ അസോസിയേഷന്റെ 18 പ്രവര്‍ത്തകരും ടെക്നീഷ്യന്‍സ് യൂണിയന്റെ  6 പ്രവര്‍ത്തകരും ക്യാമ്പില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഒളവണ്ണയില്‍ ഇതിനോടകം 130 ആളുകളുടെ 300 ല്‍ അധികം ഉപകരണങ്ങളാണ് റിപ്പയറിനായി എത്തിച്ചു. റിപ്പയര്‍ പൂര്‍ത്തിയായ ഉപകരണങ്ങള്‍ തിരിച്ച് നല്‍കി വരികയാണ്. റിപ്പയര്‍ ക്യാമ്പിലേക്ക് മോട്ടോര്‍, ടിവി, വാഷിംഗ് മെഷീന്‍, മിക്സി, ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, അയണ്‍ ബോക്സ്, തുടങ്ങിയ ധാരാളം ഗൃഹോപകരണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പയില്‍ പഞ്ചായത്തിന്റേയും ഹരിതകേരളം മിഷന്റേയും കോഴിക്കോട്, തിരുവമ്പാടി ഐ.ടി.ഐ കളുടേയും നേതൃത്വത്തില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് റിപ്പയര്‍ ക്യാമ്പ് നടക്കുന്നത്. പഞ്ചായത്തിനോടൊപ്പം ചെറൂപ്പ പ്രോഗ്രസ്സീവ് എജ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (പി. ഇ.സി.ഒ) എന്ന സംഘടന റിപ്പയര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍മാര്‍ക്കുള്ള ഭക്ഷണവും മറ്റു  സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇതിനോടകം 70 ആളുകളുടെ 150 ഓളം ഉപകരണങ്ങളാണ് ഇവിടെ റിപ്പയറിനായി എത്തിയിട്ടുള്ളത്. ജില്ലയില്‍ ഇതിനോടകം 7 റിപ്പയര്‍ ക്യാമ്പുകള്‍ നടത്താനായി. ഒളവണ്ണ, ചെറൂപ്പ ക്യാമ്പുകള്‍ 2 ദിവസം കൂടി തുടരും.