സിറ്റിങില്‍ പരിഗണിച്ചത് 21 പരാതികള്‍


പാലക്കാട്: മലമ്പുഴ അകമലവാരത്ത് ഗതാഗത സൗകര്യത്തിന്റെ അഭാവത്തില്‍ ആദിവാസി വിഭാഗം ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ചതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ മലമ്പുഴയില്‍ നിന്നും അകമലവാരത്തേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.

മലമ്പുഴയില്‍ നിന്നും 20 കിലോമീറ്ററുള്ള അകമലവാരം വലിയകാട് പ്രദേശങ്ങളില്‍ നിന്നും മലമ്പുഴ വി.എച്ച്.എസ് സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ ദിവസേന പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യുന്നത്.  ഈ റൂട്ടില്‍ രണ്ട് കെ.എസ്.ആര്‍.ടി സി സര്‍വ്വീസും രണ്ട് സ്വകാര്യ ബസ് സര്‍വ്വീസും ഉണ്ടായിരുന്നതില്‍ നിന്നും ഒരോ സര്‍വ്വീസ് വീതം നിര്‍ത്തലാക്കിയതാണ് പരാതിക്കിടയാക്കിയത്.

ഡ്രൈവര്‍മാരുടെ ലഭ്യതയ്ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സമയത്ത് ഒരു ട്രിപ്പ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉറപ്പുനല്‍കിയതായി ആര്‍.ടി.ഒ അറിയിച്ചിട്ടുണ്ട്.

പുതുനഗരം ടൗണ്‍ ജുമാമസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടവാടക നല്‍കാത്തത് സംബന്ധിച്ച പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിലൂടെ പരാതിക്കാരന് മുഴുവന്‍ തുകയും ലഭ്യമാക്കിയതായി കമ്മീഷന്‍ അറിയിച്ചു.

ഈഴവ വിഭാഗത്തില്‍പെട്ട പാലക്കാട് സ്വദേശി ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും അംഗീകാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ മതപരിവര്‍ത്തനത്തിന് ബുദ്ധമതത്തില്‍ നിന്നും ആധികാരികമായി അംഗീകാരം നല്‍കുന്നതാരെന്ന് അന്വേഷിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറിയോടും റവന്യൂ സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ 21 പരാതികള്‍ പരിഗണിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. ഒരു പരാതിയാണ് പുതുതായി ലഭിച്ചത്.