കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍  കൈക്കൊള്ളുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൊട്ടാരക്കര കില, സി.എച്ച്.ആര്‍.ഡി(സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്), ഇ.ടിസി(എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍) എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്  ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ഗ്രാമവികസന വകുപ്പിന്റെ  180 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. 1998 ല്‍  ഇതില്‍ നിന്ന് 20 ഏക്കര്‍ ഭൂമി കില സി.എച്ച്.ആര്‍.ഡി ക്കായി നല്‍കിയിരുന്നു. എന്നാല്‍ റീസര്‍വ്വേ പ്രകാരം നിലവില്‍ കില സ്ഥിതി ചെയ്യുന്നത് പുറംപോക്ക് ഭൂമിയിലാണ്.   ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
സ്ഥാപനങ്ങളുടെ  ഭൂമിവിവരം  തിട്ടപ്പെടുത്തി  റിപ്പോര്‍ട്ട് നല്‍കാനും സ്ഥാപന സൗകര്യ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കാനും കൊട്ടാരക്കര  തഹസീല്‍ദാരെയും  ചുമതലപ്പെടുത്തി.

ഐ.എച്ച്.ആര്‍.ഡി, ഇ.ടി.സി, കില, സി.എച്ച്.ആര്‍.ഡി, നവോദയ സ്‌കൂള്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, സ്റ്റേറ്റ് സീഡ് ഫാം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.  കേന്ദ്രീയ വിദ്യാലയത്തിനായി അഞ്ച് ഏക്കര്‍ ഭൂമിയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെ റൂറല്‍ ബ്രാഞ്ചിനായി  65 സെന്റ് ഭൂമിയും അനുവദിച്ചിട്ടുണ്ട്.

പി. അയിഷ പോറ്റി എം.എല്‍.എ, കൊട്ടാരക്കര നഗരസഭാ  അധ്യക്ഷ ബി. ശ്യാമള അമ്മ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, പഞ്ചായത്ത് ഡയറക്ടര്‍ ഡോ. ബി.എസ്. തിരുമേനി,  കില റീജിയണല്‍ ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, കില ഡയറക്ടര്‍ ഡോ. ജോയ്  ഇളമന്‍, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി. സുദേശന്‍,  ഇ.ടി.സി. പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍, തഹസീല്‍ദാര്‍ എ.  തുളസീധരന്‍പിള്ള, കില ഓഫീസ് മാനേജര്‍ എന്‍. അനില്‍കുമാര്‍, ജീവനക്കാര്‍  വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.