കൊച്ചി: ജില്ലയിലെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം. സ്വരാജ് എംഎൽഎ നിർവഹിച്ചു. തീർത്തും ജീർണാവസ്ഥയിൽ ആയിരുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പരിമിതമായ ചെലവിൽ കേടുപാടുകൾ തീർത്താണ് സർട്ടിഫിക്കേഷന് വേണ്ടി സജ്ജമാക്കിയത്. പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് തന്നെ ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തികൾ ക്രമമായി എഴുതി മാനുവൽ ഓഫ് ഡോക്യുമെന്റഡ് ഇൻഫർമേഷൻ തയ്യാറാക്കി വയ്ക്കുകയും ചെയ്തു.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ദിനപത്രം, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം, ഇരിപ്പിടം, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി. സ്വസ്തിക് ഏജൻസിയാണ് ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി മാർഗ നിർദ്ദേശിയായി പ്രവർത്തിച്ചിരുന്നത്. സർട്ടിഫിക്കേഷന് വേണ്ടി പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരെയും എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു.

പി.എം.എ.വൈ (ജി) പദ്ധതിയിലെ മേസ്തിരി പരിശീലനത്തിലൂടെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു. മേസ്തിരി പരിശീലകനേയും പരിശീലനാർത്ഥികളേയും ചടങ്ങിൽ ആദരിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സജീവ് ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, പി.എ.യു പ്രോജക്ട് ഡയറക്ടർ കെ.ജി തിലകൻ, എ.ഡി.സി (ജനറൽ) എസ് ശ്യാമ ലക്ഷ്മി, ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ടി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം എം. സ്വരാജ് എംഎൽഎ നിർവ്വഹിക്കുന്നു.