പാലക്കാട്: ഓണ്‍ലൈനായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്റെ പ്രവര്‍ത്തനങ്ങള്‍  സെപ്റ്റംബര്‍ ഒന്ന്  മുതല്‍ ആരംഭിക്കും . സെപ്റ്റംബര്‍  30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം.  സമ്മതിദായകരുടെ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍  തെറ്റുണ്ടെങ്കില്‍ തിരുത്താം.


വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സൈറ്റുകളും ആപ്പുകളും

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ‘മൊബൈല്‍ അപ്ലിക്കേഷനിലൂടെയും, എന്‍.വി. എസ്.പി. പോര്‍ട്ടല്‍ / സി.ഇ.ഒ. യുടെ വെബ് സൈറ്റ്, അക്ഷയ ഉള്‍പ്പടെയുള്ള പൊതു സേവന കേന്ദ്രങ്ങള്‍, ഇ. ആര്‍.ഒ. / തഹസില്‍ദാരുടെ ഓഫീസിലുള്ള വോട്ടര്‍ സേവന കേന്ദ്രം, എന്നിവയിലൂടെ  വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താം . ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് 1950 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചും വിവരങ്ങള്‍ അറിയാം.

സമ്മതിദായകരുടെ വിലാസം ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ നല്‍കുക, നിലവിലുള്ള പോളിംഗ് സ്റ്റേഷനുകളിലെ അപര്യാപ്തതകള്‍  ചൂണ്ടിക്കാണിക്കുകയും പുതുതായി പോളിംഗ് സ്റ്റേഷനുകള്‍ ആക്കാന്‍ പറ്റുന്ന കെട്ടിടങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുക, തെറ്റുകള്‍ ഇല്ലാത്ത വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുക,  സമ്മതിദായകര്‍ക്ക് കാര്യക്ഷമമായ സേവനം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക, എന്നിവയാണ് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിലൂടെ  ലക്ഷ്യമിടുന്നത്.

സമ്മതിദായകര്‍ ചെയ്യേണ്ടത്.

* വോട്ടര്‍പട്ടികയിലെ നിലവിലുള്ള വിവരങ്ങള്‍  പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ളവയില്‍ തെറ്റുണ്ടെങ്കില്‍ കൃത്യമായി രേഖപ്പെടുത്തുക.
*വോട്ടര്‍പട്ടികയിലെ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി  ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക്,  കര്‍ഷകരുടെ തിരിച്ചറിയല്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റേതെങ്കിലും രേഖ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ഹാജരാക്കണം.
*കുടുംബാംഗങ്ങളുടെ വിവരം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ ആവശ്യമായ രേഖയുടെ പകര്‍പ്പ് സഹിതം തിരുത്തുന്നതിനായി അപേക്ഷിക്കണം.
*കുടുംബാംഗങ്ങളില്‍ മരണപ്പെട്ടുപോയവരോ സ്ഥിരമായി താമസം മാറിപ്പോയതോ ആയ ആളുകളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരവും കൃത്യമായി രേഖപ്പെടുത്തണം.
*18 വയസ്സ് പൂര്‍ത്തിയായിട്ടും ( 01012001 നോ അതിന് മുന്‍മ്പോ ജനിച്ചവര്‍ ) വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവരും ഈ വര്‍ഷം 18 വയസ്സ് പൂര്‍ത്തിയാകുന്നവരുമായ( 0201 2002 നും 01-01- 2003 നും ഇടയില്‍ ജനിച്ചവര്‍) കുടുംബാംഗങ്ങളുടെ വിവരം അറിയിക്കണം.
*സമ്മതിദായകകര്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം ലഭ്യമാക്കുന്നതിന് സ്ഥലത്തിന്റെ ഭൗമസ്ഥാനം (മൊബൈല്‍ ആപ്പ് വഴി) സംബന്ധിച്ച വിവരം ലഭ്യമാക്കുക,  നിലവിലുള്ള പോളിങ് സ്റ്റേഷനില്‍ സൗകര്യം/ അസൗകര്യം സംബന്ധിച്ച് വോട്ടര്‍മാര്‍ക്കുള്ള അഭിപ്രായവും  അറിയിക്കാം.
*പോളിങ്ങ് സ്റ്റേഷന്‍ മാറ്റേണ്ടതുണ്ടെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ളതും പോളിംങ്ങ് സ്റ്റേഷന് അനുയോജ്യമായതുമായ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങളള്‍ നിര്‍ദേശിക്കുക.