കണ്ണൂർ: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ലൈബ്രറി ഇനി പായം പഞ്ചായത്തിന് സ്വന്തം. പായത്തെ ഡിജിറ്റല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോകബാങ്ക് സഹായമായ 30 ലക്ഷം രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ നിര്‍മ്മാണം. ഒന്നാം നിലയില്‍ ലൈബ്രറിയും രണ്ടാം നിലയില്‍ ഡിജിറ്റല്‍ ലൈബ്രറിയുമാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി ജില്ലയിയില്‍ തന്നെ നിര്‍മ്മിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്‍ സാധ്യമാക്കിയത്. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രന്ഥശാലകളെ കൂട്ടിയോജിപ്പിച്ച് അവരുടെ അപ്പക്‌സ് ബോഡിയായും ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തിക്കും. ലൈബ്രറിയില്‍ അംഗത്വമുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി പുസ്തകങ്ങള്‍ വായിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. അതിനായി അംഗങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കും.
സര്‍ക്കാറിന്റെയും ഇതര വകുപ്പുകളുടെയും സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുക, അവശ്യ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുക, സാധാരണക്കാരുടെ ക്രിയാത്മക സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. നിലവില്‍ അഞ്ച് കമ്പ്യൂട്ടറുകളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. ഒരേ സമയത്ത് 50 പേര്‍ക്ക് ഇരിക്കാവുന്ന മിനി തീയറ്ററായും ഡിജിറ്റല്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ചിത്ര പ്രദര്‍ശനം, സിമ്പോസിയം തുടങ്ങിയവ നടത്താനും ലൈബ്രറി പ്രയോജനപ്പെടുത്താം. പായം പഞ്ചായത്ത് ഓഫീസിന് സമീപത്തായാണ് ലൈബ്രറി കെട്ടിടം.
100 രൂപയുടെ സാധാരണ അംഗത്വം മുതല്‍ 25,000 രൂപയുടെ വിശിഷ്ട അംഗത്വം വരെ ലൈബ്രറിയിലുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള അംഗത്വത്തിന് 200 രൂപയാണ് ഈടാക്കുന്നത്.
സാങ്കേതിക വിദ്യയുടെ ഗുണഫലം സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ലൈബ്രറി അത്യാധുനിക സംവിധാനങ്ങളോടെയുള്ളതാണ്. കുട്ടികളില്‍ കുറഞ്ഞു വരുന്ന വായനാശീലം അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ലൈബ്രറിയുടെ ഡിജിറ്റല്‍ വല്‍ക്കരണം. പൊതുജനങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാവും ലൈബ്രറിയുടെ പ്രവര്‍ത്തനം.
പഞ്ചായത്തില്‍ പൂര്‍ത്തിയായ 33 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും പഞ്ചായത്തിന്റെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്കായി സൗജന്യമായി ഭൂമി വിട്ട് നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനാകും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, സിനിമ നിരൂപകന്‍ വി കെ ജോസഫ് തുടങ്ങിയവര്‍ പരിപാടില്‍ പങ്കെടുക്കും.