കൊച്ചി: കെയർ ഹോം പദ്ധതിയിൽ സഹകരണ വകുപ്പ് ജില്ലയിൽ 316 വീടുകൾ നിർമിച്ചെന്നും, കേരളത്തിന്റെ ഭവന നിർമ്മാണ പദ്ധതികളിൽ കെയർ ഹോം ചരിത്രം സൃഷ്ടിക്കുകയാണെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിലെ പ്രളയ ബാധിതരായ ആയിരത്തോളം കയർ, കൈത്തറി തൊഴിലാളികൾക്ക് ജില്ലാ സഹകരണ ബാങ്ക് ഓണ സമ്മാനമായി നൽകുന്ന 15 കിലോഗ്രാം സൗജന്യ അരി വിതരണം പറവൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പദ്ധതിപ്രകാരം 337 വീടുകളാണ് ജില്ലയിൽ നിർമിക്കുന്നത്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ജനങ്ങൾ വേണ്ടവിധത്തിൽ സർക്കാരിനെ സഹായിച്ചെന്നും മന്ത്രി പറഞ്ഞു.

വി.ഡി.സതീശൻ എംഎൽഎ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. ഏബ്രഹാം, ചേന്ദമംഗലം യാണ്‍ ബാങ്ക് പ്രസിഡന്റ് ടി.എസ്.ബേബി, ടി.ആർ.ബോസ്, കെ.ബി.അറുമുഖൻ, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സുരേഷ് മാധവൻ, ജനറൽ മാനേജർ ബി.ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

ക്യാപ്ഷൻ: ജില്ലയിലെ പ്രളയ ബാധിതരായ ആയിരത്തോളം കയർ, കൈത്തറി തൊഴിലാളികൾക്ക് ജില്ലാ സഹകരണ ബാങ്ക് ഓണ സമ്മാനമായി നൽകുന്ന 15 കിലോഗ്രാം സൗജന്യ അരി വിതരണം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു