ജില്ലാ-താലൂക്ക്തല സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി
സുരക്ഷിത കൊല്ലം പദ്ധതിയുടെയും സംസ്ഥാന പുകയില നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയെ സമ്പൂര്‍ണ പാന്‍ രഹിത-പുകയില നിയന്ത്രണ ജില്ലയാക്കാന്‍ ജില്ലാ-താലൂക്ക്തല സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറ്‌വാര ചുറ്റളവും പുകയില രഹിതമാക്കുന്നതിനും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനും പൊതുസ്ഥലങ്ങള്‍ പുകവലി വിമുക്തമാക്കുകയുമാണ് ലക്ഷ്യം. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാതല ശില്പശാലയുടെയും പരിശോധന സ്‌ക്വാഡുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കവേ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു.
സ്വയം മാതൃകകളാകുകയും വ്യക്തിപരമായും സ്വന്തം ഓഫീസുകളും പുകയില രഹിതമാണെന്ന് ഉറപ്പ്‌വരുത്തുകയും വേണം. ഒരുമാസത്തിനകം ഇത് സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കാളികളാകണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ആര്‍ ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാതല സ്‌ക്വാഡിനെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും താലൂക്ക്തല സ്‌ക്വാഡിനെ അതത് തഹസില്‍ദാര്‍മാരും നയിക്കും. പോലീസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, പഞ്ചായത്ത്, കൊമേഴ്‌സ്യല്‍ നികുതി, തൊഴില്‍, എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്‌ക്വാഡുകളില്‍ അംഗങ്ങളാണ്. മാസത്തില്‍ മൂന്ന് മുതല്‍ ആറ് ദിവസംവരെയും അത്യാവശ്യ ഘട്ടങ്ങളിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നടത്തിയ ശില്പശാലയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണി, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ജയശങ്കര്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. അനു, ആര്‍. ബിജു, കൊല്ലം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി. നാരായണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സാജു വി. ഇട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.