ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പരിധിയില്‍ ഇന്ന് (സെപ്തംബര്‍ ഒന്ന്) മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. ഇതിനു മുന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും ആദ്യം തുണി സഞ്ചി വിതരണം ചെയ്തു. 10000 ത്തോളം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. വ്യാപാരികള്‍, ഹോട്ടലുടമകള്‍ തുടങ്ങിയവരുടെ പൂര്‍ണ പിന്തുണയോടെയാണ് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.മധു അറിയിച്ചു.

കച്ചവടക്കാര്‍, വ്യാപാരികള്‍, ഹോട്ടല്‍ – ബേക്കറി ഉടമകള്‍ എന്നിവര്‍ക്ക് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു കൊണ്ടുള്ള സ്റ്റിക്കറുകള്‍ മുഴുവന്‍ കടകളിലും സ്ഥാപനങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

30 ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 10000 ത്തോളം വീടുകളില്‍ തുണി സഞ്ചികള്‍ എത്തിച്ചത്. അഞ്ച്, 15 കിലോഗ്രാം ഉള്‍ക്കൊള്ളാവുന്ന രണ്ട് തുണി സഞ്ചികളാണ് ഓരോ വീടിനും സൗജന്യമായി വിതരണം ചെയ്തത്. കടകളില്‍ മിതമായ നിരക്കില്‍ തുണി സഞ്ചികള്‍ യഥേഷ്ടം ലഭ്യമാക്കിയിട്ടുണ്ട്. തുണിക്കടകള്‍ ഭൂരിഭാഗവും പേപ്പര്‍, തുണി ബാഗുകളിലേക്ക് ഇതിനോടകം മാറിക്കഴിഞ്ഞു. 3.20 ലക്ഷം രൂപയാണ് ഇവയ്ക്കായി നഗരസഭാ വകയിരുത്തിയത്. കൂടാതെ ബാങ്കുകള്‍ സ്‌പോണ്‍സര്‍ഷിപ്പായും തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നുണ്ട്.

മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍

എട്ട് വര്‍ഷമായി മികച്ച മാലിന്യ സംസ്‌ക്കരണ മാതൃകകള്‍ പിന്തുടരുന്ന ചിറ്റൂര്‍- തത്തമംഗലം നഗരസഭാ വിവിധ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. നഗരസഭയ്ക്കുള്ളില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളായ കൊങ്ങന്‍ പട, കുതിരയോട്ടം എന്നിവ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്.
ജൈവം, അജൈവം, ഇ-വേസ്റ്റ് എന്നിങ്ങനെ വേര്‍തിരിച്ച് മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് ബിറ്റുമിനില്‍ ചേര്‍ത്ത് റോഡുനിര്‍മ്മാണത്തിനും ഉപയോഗിച്ചു വരുന്നു. ഓരോ വാര്‍ഡിലും മൂന്നും നാലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മാലിന്യങ്ങള്‍ വേര്‍തിരിക്കേണ്ടതെങ്ങനെയെന്ന് പ്രദേശവാസികള്‍ക്ക് ബോധവത്ക്കരണവും നല്‍കി വരുന്നുണ്ട്.