കൊച്ചി: വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വ്യവസായി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് കേരള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ ആൻഡ് പ്രൊമോഷൻ ആക്ട് അവതരിപ്പിച്ചത്.
പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് എന്ന ഓൺലൈൻ ക്ലിയറൻസ് സംവിധാനവും അവതരിപ്പിച്ചു. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. കെട്ടിട നിർമ്മാണ അനുമതി, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. 30 ദിവസത്തിനകം ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ സ്വമേധയാ ലൈസൻസിന് അർഹതയുണ്ടാകും. പുതിയ നിയമവുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് വ്യവസായി സംഗമം സംഘടിപ്പിച്ചത്.
വ്യവസായി സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സർക്കാർ പരിഗണിക്കുന്നത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് നേരിട്ട് വ്യവസായം ആരംഭിക്കാം. മൂന്നു വർഷത്തിനുള്ളിൽ ലൈസൻസ് നേടിയാൽ മതി. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ വ്യവസായം ആരംഭിക്കാം. 10 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് നേരിട്ട് അനുമതി നൽകുന്നതും പരിഗണനയിലാണ്. ഇൻവെസ്റ്റ്മെന്റ് കേരള എന്ന വെബ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. വ്യവസായ മേഖലകളുടെ സമഗ്ര വിവരങ്ങൾ ഇതിൽ ലഭിക്കും. കെ – സ്വിഫ്റ്റിന്റെ രണ്ടാം പതിപ്പിൽ 25 വകുപ്പുകളെ ഉൾപ്പെടുത്തും.
വ്യവസായ രംഗത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബഹുനില വ്യവസായ സമുച്ചയങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. തൃശൂർ വടക്കാഞ്ചേരിയിൽ സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്വകാര്യ, പൊതുമേഖല നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം.
വാണിജ്യ വ്യവഹാരങ്ങൾ വേഗത്തിലാക്കാൻ വാണിജ്യകോടതി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക.
വായ്പയെടുത്ത് കടബാധ്യതയിലായ വ്യാപാരികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. കെ എസ് ഐ ഡി സി യെ ശക്തിപ്പെടുത്തി കൂടുതൽ വായ്പകൾ അനുവദിക്കും. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അവരുടെ പ്രൊജകുകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. വ്യവസായി സംഘടനകളുടെയും സംരംഭകരുടെയും യോഗം വിളിച്ച് നിർദേശങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ നിരവധി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വ്യവസായികൾ മുന്നോട്ടുവെച്ചു. അപകട സാധ്യത കുറഞ്ഞ കെട്ടിടങ്ങൾക്ക് ഫയർ ക്ലിയറൻസ് ആവശ്യമില്ലെന്ന വ്യവസ്ഥ പഞ്ചായത്ത് തലത്തിൽ നടപ്പായിട്ടില്ലെന്ന് ചെറുകിട വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഖാലിദ് പറഞ്ഞു. പുതിയ നിയമത്തിൽ, വ്യവസായ അനുമതിക്കുള കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തണം. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഉടൻ പൂർത്തീകരിക്കണം. പ്രളയബാധിതരായ വ്യവസായികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇ ഗവേണൻസ് ശക്തമാക്കണമെന്ന് സംഗമത്തിൽ അഭിപ്രായമുയർന്നു. വ്യവസായികൾക്ക് നിയമ സംരക്ഷണം നൽകണം. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതോടൊപ്പം നിലവിലുള്ള വ്യവസായങ്ങളെ ശക്തിപ്പെടുത്തണമെന്നും ആവശ്യമുയർന്നു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വ്യവസായ സംരംഭകർക്ക് നല്ല സമീപനം ഉറപ്പാക്കണമെന്നും നിക്ഷേപകർ ആവശ്യമുന്നയിച്ചു.
കർശന നിയന്ത്രണങ്ങളോടെയുള്ള ലൈസൻസിംഗ് സംവിധാനത്തിൽ നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസൻസിംഗ് സംവിധാനത്തിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ഡോ. കെ. ഇളങ്കോവൻ പറഞ്ഞു.