നാല് വര്‍ഷമായി പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു

പാലക്കാട്: വിദേശത്തു ജോലി ചെയ്യുന്ന വ്യക്തി നാല് വര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുകയാണെന്നുമുള്ള യുവതിയുടെ പരാതിയില്‍ യുവജന കമ്മീഷന്‍ കേസെടുത്തു. എതിര്‍കക്ഷി നാട്ടിലുണ്ടായ സമയത്ത് ഭീഷണിപ്പെടുത്തി പീഢനത്തിന് ഇരയാക്കിയതായി യുവതി പരാതിയില്‍ പറയുന്നുണ്ട്. പോലീസ് ഇയാള്‍ക്കെതിരെ ലൂക്ക്് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവജന കമ്മീഷന്‍ അടിയന്തിരമായി ഇടപെടുമെന്നും എംബസ്സി വഴി ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി യോട് ആവശ്യപ്പെടുമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ അംഗങ്ങള്‍ കോളേജ് സന്ദര്‍ശിച്ച് കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. അധികൃതരില്‍ നിന്നും മൊഴി എടുത്തതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തക്ക സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 23 ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ജിഷ്ണു പ്രണോയിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത കാരണത്താലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ  അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കമ്മീഷന്‍ ഇടപെട്ടതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് കോളേജില്‍  പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ അറ്റന്റന്‍സ് ലഭിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അനൂകൂല നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ക്വോട്ട വഴി നിയമനം ലഭിക്കുന്നതില്‍ തടസം നേരിടുന്നത് കായിക ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. നാഷണല്‍ ഗെയിംസില്‍ ഖൊഖോ ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കായികതാരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൃഷി ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കും.

ചിറ്റൂര്‍ കോളേജില്‍ അഡ്മിഷന്‍ ഓണ്‍ലൈനായി എന്‍ട്രി ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചു. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ത്ഥി ആക്രമണത്തിന് ഇരയായതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറ് പ്രതികളില്‍ രണ്ട് പേര്‍ റിമാന്‍ഡിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തില്‍ 15 പരാതികളാണ് പരിഗണിച്ചത്. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. ഒരു പരാതി മലപ്പുറം ജില്ലാ അദാലത്തിലേക്ക് മാറ്റിയതായി കമ്മീഷന്‍ അറിയിച്ചും. യുവജന കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ടി.മഹേഷ്, വി. വിനില്‍, കെ.പി. ഷജീറ, അഡീഷണല്‍ സെക്രട്ടറി ടി.കെ ജയശ്രീ, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ സി.ഡി മനോജ് എന്നിവര്‍ പങ്കെടുത്തു.