കശുവണ്ടി തൊഴിലാളി ബോണസ് ചർച്ച ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് ഇരുപത് ശതമാനം ബോണസും അരശതമാനം എക്‌സ് ഗ്രേഷ്യയും 9500 രൂപ ബോണസ് അഡ്വാൻസും നൽകാൻ കശുവണ്ടി വ്യവസായബന്ധസമിതിയുടെ യോഗത്തിൽ തീരുമാനിച്ചതായി കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സെപ്റ്റംബർ ആറിനകം എല്ലാ ഫാക്ടറികളിലും ബോണസ് വിതരണം പൂർത്തിയാക്കും.
തൊഴിലാളി യൂണിയനുകളും, ഫാക്ടറി ഉടമകളും, പൊതുമേഖലാ കശുവണ്ടി വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും കരാറിൽ ഒപ്പിട്ടു.
ഓരോ കശുവണ്ടി തൊഴിലാളികൾക്കും 9500 രൂപ അഡ്വാൻസായി നൽകും. കഴിഞ്ഞ വർഷം 9000 രൂപയായിരുന്നു അഡ്വാൻസ്. ആഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവ അവധി ശമ്പളം തൊഴിലാളികൾക്ക് ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകും. 2019 ജൂലൈ മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് നിശ്ചയിക്കുക.
മറ്റു മാസങ്ങളിലെ ശമ്പളത്തിൽ നിന്നും തിരിച്ചുപിടിക്കുന്ന അഡ്വാൻസായി 100 രൂപ ഓരോ തൊഴിലാളിക്കും നൽകും.
വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ. രാജഗോപാൽ, കരിങ്ങന്നൂർ മുരളി, എ.എ. അസീസ്, അഡ്വ. ജി. ലാലു, അഡ്വ. എസ്. ശ്രീകുമാർ, ശിവജി സുദർശൻ, അഡ്വ. കല്ലട പി. കുഞ്ഞുമോൻ, ബി. തുളസീധരകുറുപ്പ്, കെ. തുളസീധരൻ, കെ. ഫസലുദീൻഹക്, ഫാക്ടറി ഉടമകളായ ജോബ്രോൺ ജി. വർഗ്ഗീസ്, മാർക്ക് ജി. അബ്ദുൽ സലാം, ജെയ്‌സൺ ജി. ഉമ്മൻ, ബാബു ഉമ്മൻ, പൊതുമേഖലാ സ്ഥാപന പ്രതിനിധികളായ എസ്. ജയമോഹൻ, പി.ആർ. വസന്തൻ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.