തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ കുടുംബങ്ങൾക്കുള്ള ധനസഹായ-ഓണക്കിറ്റ് വിതരണം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ദുരിതബാധിതർക്ക് അതിവേഗം സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. പാവങ്ങളോടൊപ്പം നിലകൊള്ളുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ദുരിതബാധിതർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹായം ഇനിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 210 പേർക്ക് 10,000 രൂപ വീതമാണ് ധനസഹായമായി നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 145 കുടുംബങ്ങൾക്ക് ഓണക്കിറ്റും 110 കുട്ടികൾക്ക് സ്‌കൂൾ കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. വലിയതുറ യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ പ്രശാന്ത്, കൗൺസിലർമാരായ ഷീബ പാട്രിക്, നസീബ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, എ.ഡി.എം വി. ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർ അനു.എസ്. നായർ തുടങ്ങിയവർ സംബന്ധിച്ചു.