കേരളത്തിലെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം നിയമസഭാ മണ്ഡലത്തിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ആറ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
റോഡുകള്‍ വീതിയുള്ള നല്ല റോഡുകളാവുക എന്നത് നാടിന്റെ വലിയ ആവശ്യമാണ്. ഈ പ്രാധാന്യം കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍മാത്രം 20000 കോടി രൂപയുടെ റോഡ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

2016 ജൂണ്‍ മുതല്‍ 2019 ജൂലൈവരെ പ്ലാന്‍ ഫണ്ടില്‍ 4091 കോടി രൂപയും നോണ്‍ പ്ലാന്‍ ഇനത്തില്‍ 2457 കോടി രൂപയുമാണ് ഈ മേഖലക്ക് നീക്കിവെച്ചത്. ഇതിനു പുറമെ കിഫ്ബി ഫണ്ടില്‍ 10000 കോടിയിലധികം രൂപയും അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ കിഫ്ബി ഫണ്ടില്‍ 373 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. കിഫ്ബി ഫണ്ടില്‍ ഉത്തര കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ റോഡാണ് പാറപ്രം-ഓലയമ്പലം- ആറാം മൈല്‍ റോഡ്.

ഗതാഗത മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വരികയാണ്. പ്രളയത്തില്‍ വലിയ നാശനഷ്ടമാണ്  ഗതാഗത രംഗത്തുണ്ടായത്. പ്രളയ ദുരിതമനുഭവിക്കേണ്ടി വന്ന ജനങ്ങളെ സാധാരണ ജീവിത്ത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം നഷ്ടപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ വീണ്ടെടുക്കുകയെന്നതും പ്രധാനമാണ്. ഇനിയും, ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പ്രകൃതിക്ഷോഭങ്ങളില്‍ തകരാത്ത പുനര്‍ നിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. ഇതിന് ലോകത്ത് നിലവിലുള്ള നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം.

കെട്ടിട നിര്‍മാണമടക്കമുള്ള രംഗങ്ങളില്‍ ഇത്തരം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. കല്ലും മണലും ഉപയോഗിച്ചുള്ള നിറമിതികള്‍ക്കേ ഉറപ്പും ഭദ്രതയുമുണ്ടാകൂ എന്ന നമ്മുടെ ധാരണ മാറണം. പ്രീഫാബ് ഉഹപ്പെടെ വിദേശരാജ്യങ്ങളില്‍ പലയിടങ്ങളിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിറമാണം നമുക്കും സ്വീകരിക്കാവുന്നതാണ്. ഈ രീതിയിലേക്ക് സമൂഹത്തിനെറ േബാധം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 8.672 കിലോ മീറ്റര്‍ പാറപ്രം-ഓലയമ്പലം- ആറാം മൈല്‍ റോഡ്, ബജറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൊളത്തുമല-കല്ലായ് റോഡ്, കീഴറ-മുണ്ടയാട്-പൊതുവാച്ചേരി റോഡ്, പനയത്താം പറമ്പ്- അപ്പക്കടവ് റോഡ്, മുഴപ്പിലങ്ങാട്-ബീച്ച് റോഡ്, കാടാച്ചിറ- എടക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ സീതമ്മ, ടി ഷബ്‌ന, ടി വി സീത, സി പി അനിത, എം പി ഹാബിസ്, സി പി ബേബി സരോജം, ടി വി ലക്ഷ്മി, മുന്‍ എംഎല്‍എ എം വി ജയരാജന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ശശിധരന്‍, അഡ്വ. പ്രദീപ് പുതുക്കുടി, വി എ നാരായണന്‍, എന്‍ പി താഹിര്‍, പി പി ദിവാകരന്‍, കെ കെ രാജന്‍, യു ബാബുഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് സ്വാഗതവും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി നന്ദിയും പറഞ്ഞു.