തേന്‍ ഇഞ്ചിയും മൂന്നാര്‍ പച്ചക്കറികളും

കൊല്ലം: വിലക്കുറവിന്റെ വിരുന്നൊരുക്കി സപ്ലൈകോ ഓണം വിപിണന മേളയ്ക്ക് പീരങ്കി മൈതാനിയില്‍ തുടക്കമായി. 25 രൂപയ്ക്ക് ജയ അരിയും 21 രൂപയ്ക്ക് പഞ്ചസാരയും അടക്കം ഓണത്തിന് ആവശ്യമായ സാധനങ്ങല്‍ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാം.  ഗുണമേന്‍മയുള്ള മൂന്നാറിലെ പച്ചക്കറികളും ലഭിക്കും. നാടന്‍ വാഴപ്പഴങ്ങളും കുടുംബശ്രീ ഉത്പന്നങ്ങളും മേളയെ ആകര്‍ഷകമാക്കുന്നു. കണ്ഠശുദ്ധിക്കും തൊണ്ടവേദനയ്ക്കും ഏറെ ഫലപ്രദമായ തേന്‍ ഇഞ്ചിയാണ് മേളയിലെ താരം. അരിഞ്ഞ് ഉണക്കിയെടുത്ത ഇഞ്ചി ആറുമാസം തേനിലിട്ട് തയ്യാറാക്കുന്ന തേന്‍ഇഞ്ചിക്ക് ബോട്ടിലിന് 150 രൂപമാത്രമാണ് വില. കൂടാതെ തേന്‍വെളുത്തുള്ളി, തേന്‍മഞ്ഞള്‍, തേന്‍നെല്ലിക്ക തുടങ്ങിയ വൈവിധ്യങ്ങളും ഇവിടെയുണ്ട്. ശുദ്ധമായ തേനിന് കിലോയ്ക്ക് 300 രൂപ മാത്രമാണ് വില. കൂടാതെ വിവിധ വര്‍ണങ്ങളിലുള്ള ചണസഞ്ചികള്‍, ഇടിച്ചമ്മന്തി, 200 രൂപയ്ക്ക് ചുരിദാര്‍ ടോപ്പും 350 രൂപയ്ക്ക് ഗൗണും ഉള്‍പ്പെടെ തുണിത്തരങ്ങളും ലഭ്യമാണ്.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്തു. വിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈയ്‌ക്കോയുടെ ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എന്‍ അനിരുദ്ധന്‍, എ യൂനുസ് കുഞ്ഞ്, മോഹനന്‍ പിള്ള, സപ്ലൈകോ റീജിയണല്‍ മാനേജര്‍ സി എസ് ഉണ്ണികൃഷ്ണ കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.