സംസ്ഥാനത്ത് ആവശ്യമുള്ള 12.5 കോടി മത്സ്യകുഞ്ഞുങ്ങളെ മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിനുള്ളില്‍ ഉദ്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിരം തെങ്ങ് സര്‍ക്കാര്‍ ഫിഷ്ഫാം ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യകുഞ്ഞുങ്ങളുടെ ഉദ്പാദനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ടിരട്ടി വര്‍ധനയാണുള്ളത്. ഓരു-ശുദ്ധജല മത്സ്യകൃഷി വ്യാപനത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്. മത്സ്യകൃഷി സാധ്യമല്ലെന്ന് കരുതിയിരുന്ന ഇടുക്കി പോലെയുള്ള പ്രദേശങ്ങളിലും വിജയകരമായി നടപ്പിലാക്കാനായി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവടങ്ങളിലും ഉദ്പാദനകേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചു.
മത്സ്യകൃഷി നടത്തിപ്പിന് ആവശ്യമായ വൈദഗ്ധ്യം പരിശീലിപ്പിക്കുന്നതിനാണ് ആയിരംതെങ്ങില്‍ ഫിഷ്ഫാം ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയത്. ഏതൊരു മത്സ്യകര്‍ഷകനും പരിശീലനം നല്‍കാനുള്ള സംവിധാനം ഇവിടെയുണ്ട്. സ്ഥാപനം ഒരു ഗവേഷണകേന്ദ്രമാക്കി ഉയര്‍ത്തുന്നതും പരിഗണനയിലാണ്. ഇവിടുത്തെ ഫാമില്‍ മാത്രം നാലു ലക്ഷം മത്‌സ്യകുഞ്ഞുങ്ങളുടെ ഉദ്പാദനമാണ് ലക്ഷ്യമാക്കുന്നത്. കുളത്തൂപ്പുഴയില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഉദ്പാദന കേന്ദ്രത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പടിഞ്ഞാറെ കല്ലടയില്‍ അരലക്ഷം കുഞ്ഞുങ്ങളുടെ ഉദ്പാദനമാണ് സാധ്യമാവുക. ഉള്‍നാടന്‍ മത്സ്യകൃഷിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തതയിലേക്ക് കടക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, അംഗമായ സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ലൈല ബീവി, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍, അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. സന്ധ്യ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.