ഇടുക്കി: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുറപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ. പി  സൗകര്യം ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആവശ്യപ്രകാരം കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെ ഒ പി  സൗകര്യം ആരംഭിച്ചിരിക്കുന്നത്. പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  നടന്ന പരിപാടിയില്‍ പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്  അധ്യക്ഷനായിരുന്നു. ഈവനിംഗ് ഒ പി  സൗകര്യം ആരംഭിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുകയും പൊതുജനാരോഗ്യ സേവനം കൂടുതല്‍ കരുത്ത് ആര്‍ജിക്കുകയും ചെയ്യും. ഇതിനായി അഞ്ച് ഡോക്ടര്‍മാരുടെയും മൂന്ന് നഴ്‌സുമാരുടെയും സേവനം  പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും ഈവെനിംഗ് ഒ പി  സൗകര്യം.

ഒരുകാലത്ത് നാട്ടില്‍ നിന്നും ഇല്ലാതാക്കിയിരുന്ന  പകര്‍ച്ചവ്യാധികള്‍ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്. കൊതുകുജന്യ രോഗങ്ങള്‍ കൂടുന്ന ഈ സാഹചര്യത്തില്‍ മാലിന്യനിര്‍മാര്‍ജനം ഒരു അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു എന്ന് പിജെ ജോസഫ് എം എല്‍ എ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു.

ആയതിനാല്‍ പുറപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാലിന്യമുക്ത ആക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും 9  മുതല്‍ രണ്ട് വരെ ലഭിച്ചിരുന്ന ഓഫീസ് സംവിധാനം ആറുമണിവരെ നേടിയിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനീഷ് മാത്യു, ഡോ രേഖ ശ്രീഹരി, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, മറ്റു ത്രിതല പഞ്ചായത്ത് പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.