അതിരു വിടരുത് ആഘോഷങ്ങള്‍

കൊല്ലം: ഓണാഘോഷം സമാധാന പൂര്‍ണമാക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.    വ്യാജമദ്യ വില്പ്പന തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണം. രാത്രികാല പൊലീസ് പെട്രോളിങ് ശക്തമാക്കണം. ഹോട്ടലുകള്‍,  റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഊര്‍ജിതപ്പെടുത്തണം. ക്രമക്കേടുകള്‍ കണ്ടെത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അളവ് തൂക്ക വിഭാഗം ശക്തമായ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വാഹനാപകടം കുറയ്ക്കാന്‍ ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ പരിശോധന   ശക്തമാക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹെല്‍മറ്റ് ഇടാതെയും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പൊലീസുമായി ചേര്‍ന്ന് പ്രത്യേക പരിശോധനകള്‍ നടത്തണം. രാത്രികാല   വാഹന പരിശോധനയും കാര്യക്ഷമമാക്കണം.

എല്ലാ താലൂക്കുകളിലും റവന്യൂ-പൊലീസ്-എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കണം. എക്‌സൈസ് വകുപ്പിന്റെ താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം.  വനം വകുപ്പിന്റെ സഹകരണത്തോടെ വനാന്തര്‍ഭാഗങ്ങളിലും ചെക്ക് പോസ്റ്റുകളിലും പ്രത്യേക      പരിശോധന നടത്തണം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്ക്   തലത്തില്‍ പരിശോധന ശക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ      സഹകരണത്തോടെ നടപടികള്‍ വേഗത്തിലാക്കണം.

ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് അവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണം ഉറപ്പ് വരുത്തണം. ഓണത്തോടനുബന്ധിച്ച് ബീച്ചില്‍ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഓരോ വകുപ്പും സ്വീകരിക്കുന്ന നടപടികളുടെ ഡെയ്‌ലി റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.

സബ് കലക്ടര്‍ അനുപം മിശ്ര, എ ഡി എം പി.ആര്‍.ഗോപാലകൃഷണന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.