ഇടുക്കി: ഓണക്കാലത്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരി സാധനങ്ങളുടെ കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സൈസ് ജനകീയ സമിതി യോഗം തീരുമാനിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജി. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തമിഴ്നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരള അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് സമാന്തര പാതകളിലൂടെയാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നത്. കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലും സമാന്തര പാതകളിലും പരിശോധന കര്‍ശനമാക്കണമെന്ന് സമിതി അംഗം അനില്‍കൂവപ്ലാക്കല്‍ നിര്‍ദേശിച്ചു.

കഞ്ചാവ് മാത്രമല്ല സ്പിരിറ്റും സമാന്തര പാതകളിലൂടെ കടത്തുന്നുണ്ട്. അറവുമാട്, കാലിത്തിറ്റ, വൈക്കോല്‍ എന്നിവ കേരളത്തിലേക്കു കടത്തുന്നതിന്റെ മറവിലാണ് ലഹരി സാധനങ്ങളും കൊണ്ടുവരുന്നത്. അതുപോലെ ബിവറേജസ് ശാലകളില്‍ നിന്ന് ഒരുകാരണവശാലും അളവില്‍ക്കൂടുതല്‍ മദ്യം വില്ക്കരുത്.

ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. നാരകക്കാനം പോലെയുള്ള ചിലയിടങ്ങളില്‍ ഇത്തരത്തില്‍ അളവില്‍ക്കൂടുതല്‍ സമ്പാദിക്കുന്ന മദ്യം ലഭ്യമാണ്.

മച്ചിപ്ലാവ് മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്താനുള്ള ശ്രമം എക്സൈസ് വിഭാഗം തടഞ്ഞിരുന്നു. എക്സൈസിനെ ആക്രമിച്ചു കടന്ന മൂന്നുപേരില്‍ രണ്ടുപേരെ പിടികൂടി. ഇക്കാര്യത്തില്‍ എക്സൈസിനെ സമിതിയംഗം സി. പി. കൃഷ്ണന്‍ അഭിനന്ദിച്ചു. ജില്ലയില്‍ വാറ്റ് കുറഞ്ഞിട്ടുണ്ട്.

ഇടമലക്കുടിയിലെ പെട്ടിമുടിയിലേക്ക് മദ്യം കടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. ഓണക്കാലത്ത് സംയുക്ത സ്‌ക്വാഡിന്റെ പരിശോധന കര്‍ശനമാക്കും. ചെക്ക് പോസ്റ്റുകളില്‍ വനിതകള്‍ ഉള്‍പ്പെടെ പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഇടുക്കിയില്‍ വ്യാജ കള്ള് താരതമ്യേന കുറവാണെന്ന് യോഗം വിലയിരുത്തി. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിന്റ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.

ജൂണ്‍ മാസത്തിനു ശേഷം ഇടുക്കി ഡിവിഷനില്‍ 1239 റെയ്ഡുകള്‍ നടത്തി. 17.13 കിലോ കഞ്ചാവ് പിടിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 447.94 ലിറ്റര്‍, 13.25 ലിറ്റര്‍ ചാരായം, 560 ലിറ്റര്‍ കോട, 79 ലിറ്റര്‍ വ്യാജ മദ്യം, രണ്ടര ലിറ്റര്‍ സ്പിരിറ്റ്, 44 കിലോ പുകയില ഉത്പന്നങ്ങള്‍ എന്നിങ്ങനെ പിടിച്ചു.

സെപ്തംബര്‍ 15 വരെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ലഹരിക്കെതിരേ സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നു. കൂടാതെ കുടുംബശ്രീ, റെസിഡന്റ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചും പരിപാടികള്‍ നടത്തുന്നുണ്ട്.

എക്സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കാലിടറാതെ കാവലാളാകാം- നാടകം ഇതിനകം 71 ലധികം ഇടങ്ങളില്‍ അവതരിപ്പിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.