ഇടുക്കി: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്നും ആ തിരിച്ചറിവ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവണമെന്നും ജില്ലാ പോലീസ് മേധാവി റ്റി.നാരായണന്‍. ചെറുതോണിയില്‍ നടത്തിയ ട്രാഫിക് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ  ട്രാഫിക് നിയമങ്ങളെ കുറിച്ചും എസ്.പി ക്ലാസ്സെടുത്തു.  ഇന്നത്തെ തലമുറയ്ക്ക് നിയമങ്ങള്‍ പാലിക്കാനുള്ള മനോഭാവം കുറവാണെന്നും നിയമങ്ങള്‍ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണെന്നുമുള്ള ട്രാഫിക് സംസ്‌കാരം ഇവര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കണമെന്നും യോഗത്തില്‍ അധ്യക്ഷയായിരുന്ന വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് റിന്‍സി സിബി പറഞ്ഞു.

സെമിനാറിന് ശേഷം ചെറുതോണി ടൗണില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പുതുക്കിയ ട്രാഫിക് നിരക്കുകളെ കുറിച്ചുള്ള ലഘുലേഖ വിതരണവും നിയമങ്ങള്‍ പാലിക്കപെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുത്തു. സെമിനാറില്‍ വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എം ജലാലുദ്ദീന്‍, റോയി കൊച്ചുപുരയ്ക്കല്‍, റീത്ത സെമണ്‍, ആലീസ് ജോസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ സിബിച്ചന്‍ ജോസഫ്, ഡി.വൈ.എസ്.പിമാരായ പയസ്സ് ജോര്‍ജ്ജ്, കെ.പി ജോസ്, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് സാജന്‍ കുന്നേല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോസ് കുഴിക്കണ്ടം, എ.പി ഉസ്മാന്‍, ഫാ.ബിജു വെട്ടുകല്ലേല്‍ തുടങ്ങി വിവിധ പൊതുജനങ്ങളുടെ പങ്കാളിത്തവും പരിപാടിയില്‍ ഉണ്ടായിരുന്നു.