കൊല്ലം: കൊല്ലത്തിനും ആലപ്പുഴയ്ക്കുമിടയിലെ പ്രകൃതിഭംഗിയിലേക്ക് സഞ്ചാരികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കായി ഒരു ബോട്ട് സര്‍വീസ്. ഗ്രാമീണതയുടെ പച്ചപ്പും ന•യും ആസ്വദിക്കാന്‍  ഒന്നിടവിട്ട ദിവസങ്ങളില്‍ അവസരം ഒരുക്കുന്നത് ജലഗതാഗത വകുപ്പ്.
രാവിലെ 10.30നാണ് യാത്രാരംഭം. വൈകിട്ട് 6.30ന് അവസാനിക്കും. ആലപ്പുഴയില്‍ നിന്ന് ഇതേ സമയക്രമത്തില്‍ മടക്ക  സര്‍വീസും ഉണ്ട്. തിരക്ക് കണക്കിലെടുത്ത് ഒരു ബോട്ട് കൂടി ഏര്‍പ്പെടുത്തുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ വി.വി  പുരുഷോത്തമന്‍ അറിയിച്ചു.

എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര അഷ്ടമുടി,  കായംകുളം,  വേമ്പനാട് ജലപാതകളിലൂടെയാണ് കടന്ന് പോകുന്നത്. ചവറ, അമൃതപുരി, ആലുംകടവ് തുടങ്ങിയ പ്രധാന സ്റ്റോപ്പുകള്‍ക്കൊപ്പം തൃക്കുന്നപ്പുഴ കയര്‍ ഗ്രാമവും, കുമാരകോടിയും,  പല്ലനയാറും, കുട്ടനാട്ടിലെ കരുമാടിക്കുട്ടന്റെ പ്രതിമയും, പുന്നമട കാഴ്ചകളും ആസ്വദിക്കാനാവും. യാത്ര സന്ധ്യയോടെ ആലപ്പുഴയില്‍ അവസാനിക്കും.
കായല്‍ കാഴ്ചകള്‍ കണ്ട്  ഭക്ഷണം കഴിക്കാനും  സൗകര്യമുള്ള ഒരു യാത്രയ്ക്ക് 400 രൂപ മാത്രമാണ് ചിലവാകുക. ആറു മാസം മാത്രമാണ് ഈ സര്‍വീസ് നടത്തുന്നത്.  മഴക്കാലത്ത് നിറുത്തി വയ്ച്ച്  ടൂറിസം സീസണുകളില്‍ വീണ്ടും തുടങ്ങും വിധമാണ് ക്രമീകരണം. ആകെ 80 പേര്‍ക്കുള്ള യാത്രാസൗകര്യമുണ്ട്.

വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാരാണ് സര്‍വീസ് പ്രയോജനപ്പടുത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയ സ്പാനിഷ് സ്വദേശികളായ കാതറിനും, എലേനയുടെയും രണ്ടാം ഊഴമായിരുന്നു ഇത്തവണ. യാത്രാനുഭവം മറ്റുള്ളവരിലേക്ക് കുടി പകര്‍ന്നിട്ടുണ്ടെന്നും നാട്ടില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുമെന്നും അവര്‍ പറഞ്ഞു.  അഞ്ചു ജീവനക്കാരുടെ  സേവനമാണ് ബോട്ടില്‍ ലഭ്യമാകുക.