*വെബ്സൈറ്റും മൊബൈൽ ആപ്പും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും.  ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള വെബ്സൈറ്റിന്റേയും മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു.

തടിയൊഴികെയുള്ള വന ഉത്പന്നങ്ങളും ഓൺലൈൻ വനശ്രീ ഇക്കോഷോപ്പുകളിലൂടെ ലോകത്താകമാനം ഈ സംവിധാനത്തിലൂടെ ലഭ്യമാകും. വനംവകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ  http://www.forest.kerala.gov.in, ഇക്കോ ടൂറിസം വെബ്സൈറ്റായ  https://keralaforestecotourism.com എന്നിവയിലും കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്കു ചെയ്യാനും ഉത്പന്നങ്ങൾ വാങ്ങുവാനും സാധിക്കും.

സംസ്ഥാനത്താകെയുള്ള 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 25 എണ്ണത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ ഇക്കോ ഷോപ്പാകും.

ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓൺലൈൻ സൗകര്യം ലഭ്യമാക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പത്മ മഹന്തി, മുഖ്യ വനപാലകൻ കേശവൻ തുടങ്ങിയവർ സംബന്ധിച്ചു.