കാക്കനാട്: കളക്ടറേറ്റിലെ ക്ഷീര വികസന വകുപ്പ് ഓഫീസിൽ പാൽ ഗുണമേന്മ പരിശോധന ലാബ് പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ എസ്.സു ഹാസ് ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പാലിന്റെ ആവശ്യകത കൂടുന്ന സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന പാലിന്റെ വിൽപ്പന തടയുകയാണ് ലക്ഷ്യം. ഓഫീസിൽ ഇതിനായി പ്രത്യേകം ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചു. വകുപ്പിലെ ഫീൽഡ് ജീവനക്കാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ലാബിൽ പരിശോധിക്കും. ഫലം അന്നന്നു തന്നെ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കും. മായം കലർന്നതായി തെളിഞ്ഞാൽ തുടർനടപടികൾക്കായി വിശദ വിവരം ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറും. സെപ്റ്റംബർ പത്തുവരെയാണ് ലാബ് പ്രവർത്തിക്കുക. സംശയകരമായ സാമ്പിൾ പൊതുജനങ്ങൾക്ക് കളക്ടറേറ്റിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന പാൽ ഗുണനിയന്ത്രണ വിഭാഗത്തിൽ നൽകി ഫലം അറിയാം.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ സൂസി എലിസബത്ത് തോമസ്, ടെക്നിക്കൽ അസിസ്റ്റന്റ് എം.എം.അബ്ദുൾ കബീർ തുടങ്ങിയവർ പങ്കെടുത്തു