തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സ്‌നേഹതണലിൽ മഞ്ജുവിന് ഇനി സമാധാനമായി അന്തിയുറങ്ങാം. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റുകളും അലുമ്‌നിയും കൂടി ചേർന്നപ്പോൾ കോളജിന്റ സമീപത്ത് ചെറ്റക്കുടിലിൽ താമസിച്ചിരുന്ന മഞ്ജുവിന് ലഭിച്ചത് സ്വപ്ന ഭവനമാണ്. സന്തോഷത്തിൽ പങ്കാളിയാകാനും വീടിന്റെ താക്കോൽ മഞ്ജുവിനെ ഏൽപ്പിക്കാനും എത്തിയത് സഹകരണ -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കി വീടു നിർമിച്ചു നൽകാൻ വിദ്യാർഥികൾ കാണിച്ച മനസ്സ് അഭിനന്ദനീയവും അനുകരണീയവുമാണെന്ന് മന്ത്രി പറഞ്ഞു. വസ്തുവിന് മതിയായ രേഖകൾ ഇല്ലാത്തതിനാൽ കുടുംബത്തെ സഹായിക്കാൻ സർക്കാർ പദ്ധികൾക്കാകുന്നില്ലന്നും രേഖകൾ ഉണ്ടാക്കുന്നതിനാവശ്യമായ നടപടികൾക്ക് താൻ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വാർഡ് കൗൺസിലർ അനിൽ കുമാർ, സി.ഇ.റ്റി പ്രിൻസിപ്പാൾ ജിജി സി.വി, എൻ.എസ്.എസ് ഭാരവാഹികൾ അധ്യാപകർ, വിദ്യാർഥികൾ, അയൽവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.