കൊച്ചി: മൽസ്യഫെഡ് അക്വാ ടൂറിസം കേന്ദ്രങ്ങളിൽ ഭൂമികയിലും പ്രവാഹിനിയിലും യാത്ര ചെയ്ത് ഓണം ആഘോഷിക്കാം . ഭൂമിക, പ്രവാഹിനി പദ്ധതികളുടെ ഫ്ലാഗ് ഓഫ് വൈപ്പിൻ എംഎൽഎ എസ് ശർമ നിർവ്വഹിച്ചു. ഓണക്കാലം അവിസ്മരണീയമാക്കാൻ മത്സ്യഫെഡിന്റെ മൂന്ന് ജലവിനോദ സഞ്ചാര കേന്ദ്രങ്ങളായ ഞാറയ്ക്കൽ, മാലിപ്പുറം, പാലായ്ക്കരി ജല വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രത്യേക പാക്കേജുകൾ ഒരുങ്ങി.

ജലമാർഗമുള്ള പ്രവാഹിനി ബോട്ട് യാത്രയിൽ 20 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ ബോട്ട് തയ്യാറായി. നിലവിൽ 8 പേർക്കിരിക്കാവുന്ന സഞ്ചരിക്കാവുന്ന ബോട്ട് ആയിരുന്നു പ്രവാഹിനിയിൽ ഉണ്ടായിരുന്നത്. മത്സ്യഫെഡ്, ഞാറയ്ക്കൽ, മാലിപ്പുറം പാലായ്ക്കരി എന്നീ ജലവിനോദസഞ്ചാര കേന്ദ്രങ്ങളിലെയും മനോഹരമായ കാഴ്ചകൾ കണ്ടു കൊണ്ടുള്ള സർക്യൂട്ട് ടൂറിന് പുറമേ ബോൾഗാട്ടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലേക്കും പാതിരാമണലിലേക്കും ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്.

കരമാർഗ്ഗം ഉള്ള എസി ടെമ്പോട്രാവലർ വഴിയുള്ള ഭൂമിക യാത്രയിൽ മത്സ്യഫെഡിന്റെ ഞാറയ്ക്കൽ, മാലിപ്പുറം പാലായ്ക്കരി ജല വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടാതെ വല്ലാർപാടം പള്ളി, ബോൾഗാട്ടി, ഫോർട്ട് കൊച്ചി, ലുലു മാൾ, തൃപ്പൂണിത്തറ ഹിൽപാലസ്, കുമരകം പക്ഷിസങ്കേതം, നീണ്ടൂർ ഫാം , വൈക്കം മത്സ്യഫെഡ് ഫിഷ് ഗാലക്സി, വൈക്കം ബീച്ച് എന്നിവിടങ്ങളിലേക്കും യാത്രകൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ തൈക്കൂടത്ത് നിന്നും പാലാരിവട്ടം വരെയും ഇടപ്പള്ളി വരെയും മെട്രോ ട്രെയിനിൽ യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിൽ ജലചക്രവും പി വി സി പൈപ്പ് ഉപയോഗിച്ച് ജീവനക്കാർ നിർമ്മിച്ച നിർമ്മിച്ച ചങ്ങാടവും ഓണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്

പാലായ്ക്കരി അക്വാ ടൂറിസം സെന്ററിൽ നവീകരിച്ച പാർക്കും കയാക്കിംഗുമാണ് ഓണത്തോടനുബന്ധിച്ച് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന ചീനവല സഞ്ചാരികൾക്ക് ഉപയോഗിച്ചു നോക്കാൻ സാധിക്കും . ചീനവലയോട് ചേർന്ന് കൈവഴികൾ നിർമ്മിച്ചിരിക്കുന്നതിനാൽ ഫോട്ടോ എടുക്കാനും സാധിക്കും. ഇതിനുപുറമെ 700 മീറ്റർ ദൂരം നടത്താനും സൈക്കിൾ സവാരി നടത്താനും ഓണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

മാലിപ്പുറം അക്വാ ടൂറിസം സെന്റിൽ കണ്ടൽ പാർക്കിനിടയിലൂടെ ബോട്ട് യാത്ര നടത്താനുള്ള നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചു വരികയാണ്.

പ്രഭാത ഭക്ഷണം, ചായ, ഊണ് ,ജ്യൂസ് , അത്താഴം എന്നിവ ഉൾപ്പെടെ ഒരു ദിവസത്തെ യാത്രയ്ക്ക് മുതിർന്നവർക്ക് 1,500 മുതൽ 2,000 രൂപ വരെയാണ് ചിലവ്. 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 750 രൂപ മുതൽ 1,000 രൂപ വരെയാണ് ചിലവ് . യാത്രകൾ 9497031280 , 9526041209 എന്നീ നമ്പരുകളിൽ ബുക്ക് ചെയ്യാം.

മഞ്ഞനക്കാട് ബോട്ട് ജെട്ടിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മത്സ്യഫെഡ് ഡെപ്യൂട്ടി മാനേജർ വി. രേഖ , മത്സ്യഫെഡ് ഭരണസമിതിയംഗം ശ്രീദേവി സുമോദ്, ഫിഷറീസ് വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ബി. ഷാനവാസ്, ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരോ , ഫാം മാനേജർ പി. നിഷ ഫാം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: മത്സ്യഫെഡിന്റെ ഭൂമിക, പ്രവാഹിനി പദ്ധതികളുടെ ഫ്ലാഗ് ഓഫ് വൈപ്പിൻ എംഎൽഎ എസ് ശർമ നിർവ്വഹിക്കുന്നു.