സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാതല കർമ്മസമിതികളുടെ നേതൃത്വത്തിൽ വിലയിരുത്തും.  നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന്റെയും സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ് ജില്ലാതല യോഗങ്ങൾ സംഘടിപ്പിക്കുന്നത്.  സെപ്തംബർ 10 മുതൽ 30 വരെയാണ്  ഓരോ ജില്ലകളിലും യോഗങ്ങൾ നടക്കുന്നത്.

ഇവർക്കുപുറമെ ജില്ലാതല കർമ്മസേനാംഗങ്ങൾ, എം.പി, എം.എൽ.എ, മേയർ, മുനിസിപ്പൽ ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുത്ത് പുരോഗതി വിലയിരുത്തും.

ലൈഫ് മിഷന്റെ സംസ്ഥാനതല കർമ്മസേനയുടെ യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂരഹിത ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും ഭവന സമുച്ചയം/ ക്ലസ്റ്റർ ഹോം നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും ക്രൗഡ് ഫണ്ടിംഗ് മോഡലിൽ ഒരു വെബ് പോർട്ടൽ തയ്യാറാക്കും.

സമയബന്ധിതമായി പൂർത്തീകരിച്ച് പട്ടിക നഗരകാര്യ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ് എന്നിവർക്ക് നിയോജകമണ്ഡലം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അടിസ്ഥാനത്തിൽ കുടുംബശ്രീ കൈമാറണം.  ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനോ വാങ്ങുന്നതിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശം അതത് വകുപ്പുതലവൻമാർ നൽകണം.

രണ്ടാംഘട്ടത്തിൽ അർഹരായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഗുണഭോക്താക്കൾ കരാറിലേർപ്പെടാത്തതിന്റെ കാരണം തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ കണ്ടെത്തണം.  ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൗൺസിൽ തീരുമാനം സയമബന്ധിതമായി നൽകേണ്ടതാണെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി. ജോസ്, അർബൻ അഫയേഴ്‌സ് ഡയറക്ടർ ഗിരിജ, സി.ആർ.ഡി ഡയറക്ടർ പത്മകുമാർ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ബി.എസ്. തിരുമേനി, ഐ.കെ.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. ചിത്ര, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, മറ്റ് വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.