കൊച്ചി: കാർഷിക വിപണി ശക്തിപ്പെടുത്താൻ ഓണ വിപണി ഒരുങ്ങി. കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ പരിധിയിൽ വരുന്ന ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട്, കളമശ്ശേരി, തൃക്കാക്കര എന്നിവിടങ്ങച്ചിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ഓണം പഴം പച്ചക്കറി വിപണികൾ ആരംഭിച്ചു. ബ്ലോക്ക് തല ഓണ വിപണി ചിറ്റൂർ ഫെറിക്ക് സമീപം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 7 മുതൽ 10 വരെയാണ് ഓണ വിപണി.

പൊതുവിപണിയിൽ നിന്നും ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നത്. ഈ പച്ചക്കറികൾ 30 ശതമാനം വിലക്കുറവിലാണ് പൊതു ജനങ്ങൾക്ക് നൽകുന്നത്. ഇത് കൂടാതെ ഹോർട്ടി കോർപ്പ് സംഭരിക്കുന്ന പച്ചക്കറികളും ഓണ വിപണിയിൽ ലഭ്യമാണെന്ന് കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിൻസി എബ്രഹാം പറഞ്ഞു.

ചേരാനല്ലൂരിൽ പഞ്ചായത്ത് ഹാളിലും ചിറ്റൂർ ഫെറിക്ക് സമീപവും , എളംകുന്നപ്പുഴയിൽ ഗ്രീൻ ഹട്ട് ഇക്കോ ഷോപ്പിലും കൃഷിഭവനിലും , കടമക്കുടിയിൽ കൃഷിഭവന് സമീപവും, കളമശ്ശേരിയിൽ കൃഷിഭവനിലും , മുളവുകാട് കൃഷി ഭവന് സമീപമുള്ള ഇക്കോ ഷോപ്പിലും, തൃക്കാക്കര കൃഷിഭവനിലുമാണ് ഓണ വിപണികൾ സംഘടിപ്പിച്ചിരിക്കുന്നത്.