പിറവം: നാലാം തവണയും നൂറുമേനി വിളവിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി വിളവെടുപ്പ്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് മോഡൽ അഗ്രോ സെന്ററിന് കീഴിലെ ഗ്രീൻ ആർമിയുടെ സഹായത്തോടെയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കിയത്. ഓഫീസ് ടെറസിനു മുകളിലും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുമായാണ് പദ്ധതി നടപ്പിലാക്കിയത്. തക്കാളി, വെണ്ട, പടവലം, ചീര, വാഴ തുടങ്ങി വ്യത്യസ്ത വിളകളാണ് ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന വിളവെടുപ്പുത്സവം പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ മികച്ച പ്രവർത്തനമാണ് ഗ്രീൻ ആർമി കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയബാധിത പ്രദേശങ്ങളിലെ കൃഷി പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം പച്ചക്കറി തൈകൾ ഗ്രീൻ ആർമി ഉത്പാദിപ്പിച്ച് വിവിധ പ്രളയ ബാധിത ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയിരുന്നു.
എല്ലാ വീടുകളിലും ഓണത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിക്ക് കീഴിൽ ബ്ലോക്കിൽ 23000 പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന മലർവാടി ഹൈടെക് നഴ്സറി, കാക്കൂർ അഗ്രോ സർവീസ് സെന്റെർ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും പദ്ധതിക്ക് കീഴിൽ വിതരണം ചെയ്തു.