ഇടുക്കി: ചന്ദനക്കുറി തൊടുവിച്ച് കൈപിടിച്ച് മാവേലി തമ്പുരാൻ തന്നെ ജില്ലാതലവനെ ഓണാഘോഷ പരിപാടികളിലേക്ക് സ്വീകരിച്ചു. പൂമുഖത്തെ വർണ്ണ പൂക്കളത്തിനൊപ്പമുള്ള നിലവിളക്കിൽ തിരികൊളുത്തിയ ശേഷം പരിപാടി നടക്കുന്ന ഹാളിലെത്തിയപ്പോൾ തിരുവാതിര കളിയോടെ മങ്കമാർ വരവേറ്റു.
പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസികളുടെ ഓണാഘോഷ പരിപാടികൾക്കെത്തിയ ജില്ലാ കലക്ടർ എച്ച്.ദിനേശൻ ഇവരുടെ ഊഷ്മള സ്നേഹത്തിനു പകരം സ്വന്തം കൈയ്യാൽ സദ്യ വിളമ്പി നല്കിയും അവർക്കൊപ്പമിരുന്ന് സദ്യ കഴിച്ചുമാണ് ഓണാഘോഷത്തിന്  മാധുര്യം പകർന്നത്. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ്, ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫ് ഗ്രാമപഞ്ചായത്തംഗം അനീഷ്, ഹോപ്പ് പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ തുടങ്ങിയവരും കലക്ടർക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തു.
കുട്ടികളുൾപ്പെടെ 350 ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. 1995 ൽ മൂന്ന് പേരുമായി ആരംഭിച്ച അഗതിമന്ദിരത്തിൽ ഇക്കാലയളവിൽ മൂവായിരത്തോളം പേർ അധിവസിച്ചിട്ടുണ്ട്. അശരണരും മാനസിക, ശാരീരിക വൈകല്യമുള്ളവരുമാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും.
രോഗം ഭേദമായവരെ ബന്ധുക്കൾ തിരികെ വീടുകളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്. സ്ഥാപനത്തിന്റെ ജൂബിലി വർഷത്തിലെ ഓണാലോഷത്തിൽ ജില്ലാ കലക്ടറെത്തിയത്  ഏറെ സന്തോഷം പകർന്നതായി സ്നേഹ മന്ദിരം ഡയറക്ടർ വി.സി.രാജു പറഞ്ഞു. ഭാര്യ ഷൈനി രാജു, മക്കളായ നിവിൻ, നിവ്യ, മരുമകൾ നയന എന്നിവരും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇദ്ദേഹത്തിന് ഒപ്പമുണ്ട്.