കൊച്ചി: കേരളാ ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
പ്രവാസികൾക്കായി ആരംഭിച്ച ജില്ലയിലെ ആദ്യ സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളെ ദേശസാൽകൃത ബാങ്കുകൾ അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ പൊതുവായ സാമ്പത്തിക മുന്നേറ്റത്തിൽ നിർണ്ണായക ശക്തിയായ പ്രവാസികളെ ദേശസാൽകൃത ബാങ്കുകൾ അവഗണിക്കുകയാണ്. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാൻ നിയമപരമായി സഹകരണ ബാങ്കുകൾക്കാവില്ല. എന്നാൽ കേരളാ ബാങ്ക് വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമാകും. പ്രവാസ നിക്ഷേപം സ്വീകരിക്കുന്ന ദേശസാൽകൃത – ന്യൂജനറേഷൻ ബാങ്കുകൾ ഏറെ നാളത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളോട് ഉദാര സമീപനം കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക്ക് റോഡിലെ അക്വാറിയോ എഡിഫിസിയോ ബിൽഡിംഗിലാണ് സംഘം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. സംഘം പ്രസിഡന്റ് വി.ആർ അനിൽ കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രവാസി സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം എസ്. ശർമ്മ എംഎൽഎയും, പ്രവാസി പുനരധിവാസ പാക്കേജ് ഉദ്ഘാടനം കെ.വി അബ്ദുൾ ഖാദർ എംഎൽഎയും, ലോഗോ പ്രകാശനം മുൻ എംഎൽഎ ഗോപി കോട്ടമുറിക്കലും നിർവ്വഹിച്ചു.

പ്രവാസി തർക്ക പരിഹാര സെൽ അംഗങ്ങളായ എം.യൂ അഷ്റഫ്, വിജി ശ്രീലാൽ, കയർ ശമ്പള പരിഷ്കരണ കമ്മിറ്റി ചെയർമാൻ ടി.ആർ ബോസ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് തുടങ്ങിയവർ സംസാരിച്ചു.