കൊച്ചി: പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ഇന്ത്യ ഇൻക് ഫോർ കേരള യുടെ നേതൃത്വത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ പുനർ നിർമ്മിച്ച 17 വീടുകളുടെ താക്കോൽദാനം വി.ഡി.സതീശൻ എം എൽ എ നിർവഹിച്ചു. ഡൽഹി, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യ ഇൻക് ഫോർ കേരള. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അംഗങ്ങൾ. പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പുത്തൻവേലിക്കരയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സംഘടന നേതൃത്വം നൽകിയത്. പൂർണമായും ജില്ലാ ഭരണ കൂടത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. 17 വീടുകൾ പുനർനിർമ്മിച്ചതു കൂടാതെ പ്രളയത്തിൽ തകർന്ന പ്രൈമറി സ്കൂളും പുനർ നിർമ്മിച്ചു. അഞ്ചര ലക്ഷം രൂപ മുടക്കി 450 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാവുന്ന തരത്തിലുള്ള നിർമ്മാണമാണ് നടത്തിയിട്ടുള്ളത്.
ഇന്ത്യ ഇൻക് ഫോർ കേരള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കവിത നാരായണൻ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, റീബിൽഡ് കേരള ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസ്, പ്രൊജക്ട് മാനേജർ ജൊ ഷൈൻ ജോസഫ് എന്നിവർ സംസാരിച്ചു.