പാമ്പാക്കുട: സാംസ്കാരിക സമ്മേളനവും നാടൻ പാട്ടുമായി അരീക്കൽ ടൂറിസം ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പാമ്പാക്കുട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2019 ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരീക്കൽ ടൂറിസം ഫെസ്റ്റിനും തുടക്കമായി.
പാമ്പാക്കുടയിൽ എം.എൽ.എ അനൂപ് ജേക്കബ്ബ് ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ടൂറിസം രംഗത്ത് പിറവം മേഖലയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ എം.എൽ.എ വരും വർഷങ്ങളിലും തുടർച്ചയായി സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റുകളിലൂടെ അരീക്കൽ പദ്ധതിക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.
പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമീണ മേഖലയിലെ വിവിധ ടൂറിസം സാധ്യതാ പ്രദേശങ്ങളുടെ വികസനത്തോടെ ഇവയെ കൂട്ടിയിണക്കിയുള്ള ടൂറിസം പദ്ധതിക്ക് ശ്രദ്ധയാകർഷിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. എൻ സുഗതൻ ചടങ്ങിൽ ഓണസന്ദേശം നൽകി. മൂവാറ്റുപുഴ തഹസിൽദാർ പി.എസ് മധുസൂദനൻ, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി രാജീവ്, ഫാ. ജോൺസ് എബ്രഹാം, പാമ്പാക്കുട പഞ്ചായത്ത് സെക്രട്ടറി അന്ത്രു എം.എം എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
ലാവണ്യം 2019 ന്റെ ഭാഗമായി സംഘടിപ്പിച്ച അരീക്കൽ ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം എം.എൽ.എ അനൂപ് ജേക്കബ്ബ് നിർവ്വഹിക്കുന്നു.
അരീക്കൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയ നാടൻപാട്ട്.