ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം ബിരിയാണി എന്നിവ രുചിക്കാൻ വൻ തിരക്കാണ്.

ചിക്കൻ തട്ടുകട, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ വിന്താലു, ചിക്കൻ ശവാൽ എന്നിവയാണ് പ്രത്യേകതയേറിയ മലബാർ വിഭവങ്ങൾ. തനി നാടൻ ഇനങ്ങളായ ചിക്കൻ ഫ്രൈ, ചിക്കൻ പെരട്ട്, ചിക്കൻ കറി എന്നിവയും മിതമായ നിരക്കിൽ ലഭിക്കും. കോംബോ ഇനങ്ങളായ ചപ്പാത്തി-ചിക്കൻ കറി, പത്തിരി-ചിക്കൻ ഫ്രൈ, കപ്പ-ചിക്കൻ കറി എന്നിവയും ലഭിക്കും.

മസാല ചേരുവകൾ പാടേ ഒഴിവാക്കി കുരുമുളക്, പച്ചമുളക്, വെളുത്തുള്ളി, കാന്താരിമുളക് എന്നിവ അരച്ചുചേർത്ത് തയ്യാറാക്കുന്ന ഹെർബൽ ചിക്കന് ആവശ്യക്കാരേറെയാണ്. വിവിധ കുടുംബശ്രീ യൂണിറ്റുകളും ഹോട്ടൽ സംരംഭകരും ചേർന്നാണ് സൂര്യകാന്തിയിൽ ഭക്ഷണപെരുമ ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബർ 16വരെ ഈ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്.