ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നു:  എം.എല്‍.എ

പത്തനംതിട്ട: ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഓണം നന്മയുടെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമാണ്. ഓണത്തിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ പരസ്പരം സ്‌നേഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേരുന്ന സന്ദര്‍ഭമാണ് ഓണം. മനുഷ്യന് നന്മ ചെയ്യാന്‍ നമ്മുടെ മനസുകളെ മാറ്റിയെടുക്കാന്‍ ഓണം സഹായിക്കും. ലോകത്ത് മലയാളികള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം ഓണം ആഘോഷിക്കുന്നുണ്ട്.
ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുകയും ന്യായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. പെന്‍ഷനുകള്‍ ഓണത്തിനു മുന്‍പായി ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിച്ചു. പ്രളയത്തെ അതിജീവിച്ച് ഓണം ആഘോഷിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും എംഎല്‍എ പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി അധ്യക്ഷത വഹിച്ച യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം, ഡിടിപിസി എക്‌സിക്യുട്ടീവ്കമ്മിറ്റി അംഗങ്ങളായ പി.ബി. ഹര്‍ഷകുമാര്‍, മനോജ് ചരളേല്‍, സലിം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ജയന്‍, റ്റി.ഡി. ബൈജു, ഡി. സജി, ഏഴംകുളം അജു, അടൂര്‍ നരേന്ദ്രന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ എം. ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിനു മുന്നോടിയായി അടൂര്‍ നഗരത്തിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് വര്‍ണാഭമായ സമാപന ഘോഷയാത്ര നടന്നു. ശിങ്കാരിമേളം, മഹാബലി, എന്നിവയ്ക്കു പുറമേ കുടുംബശ്രീയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമാപന ഘോഷയാത്രയെ ആകര്‍ഷകമാക്കി. തുടര്‍ന്ന് ആനയടി പ്രസാദ് സംഗീത കച്ചേരി അവതരിപ്പിച്ചു. രാത്രി കൊച്ചിന്‍ കലാഭവന്‍ ഗാനമേളയും മിമിക്സ് പരേഡും അവതരിപ്പിച്ചു.