ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ചകൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കുപ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറിയത് ഒരു കുരങ്ങനാണ്. പേര് കിറ്റി. വായിൽകൊള്ളാത്ത വർത്തമാനങ്ങളാണ് കിറ്റി തട്ടിമൂളിക്കുന്നത്. കിറ്റിയെ കാണുന്നവർക്കും കേൾക്കുന്നവർക്കും അവനൊരു കൗതുകക്കാഴ്ച മാത്രമല്ല, ജീവിത പാച്ചിലിൽ മറക്കാതെ മനസിൽ കുറിക്കേണ്ടുന്ന നുറുങ്ങുകളുമുണ്ട് അതിൽ.

ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, അമിത വേഗത്തിന്റെ അപകടങ്ങൾ തുടങ്ങി കൗമാരക്കാർ വീണുപോകുന്ന ചതിക്കുഴികൾ വരെ മുന്നറിയിപ്പിന്റെ സ്വരത്തിൽ കിറ്റി പറയുമ്പോൾ ഈ കുരങ്ങൻ ചില്ലറക്കാരനല്ലല്ലോ എന്നു പറയേണ്ടിവരുന്നു കാണികൾക്ക്.

കിറ്റി ഷോയിലൂടെ ഏറെ പ്രശസ്തനായ വിനോദ് നരനാട്ടാണ് കിറ്റിയെ ഹിറ്റാക്കിയത്. മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും ഏഴോളം ഇംഗ്ലിഷ് ചാനലുകളിലും ഇതിനോടകം വിനോദ് – കിറ്റി ടീം പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു. കാലികപ്രസക്തവും ജനോപകാരപ്രദവുമായ വിഷയങ്ങളാണ് വിനോദിന്റെ കിറ്റിഷോയെ വ്യത്യസ്തമാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾക്കുവേണ്ടി നിരവധി ബോധവത്കരണ പരിപാടികളും ഇതിനോടകം ഈ ടീം ചെയ്തുകഴിഞ്ഞു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതം കിറ്റിയുടെ ‘നാവി’ലൂടെ എത്തുമ്പോൾ കൗതുകത്തോടൊപ്പം അതൊരു വലിയ അറിവുകൂടിയാകുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയിലുണ്ടായ സമഗ്ര മാറ്റം, സർക്കാർ ആതുരാലയങ്ങൾ ജനസൗഹൃദമായപ്പോഴുണ്ടായ ഗുണങ്ങൾ, കാർഷിക മേഖലയിൽ ഹരിത കേരളം മിഷൻ ഉണർത്തിവിട്ട ഉന്മേഷം എന്നുവേണ്ട നവകേരള നിർമിതിയുടെ ഓരോ നാൾവഴികളും നർമത്തിൽപ്പൊതിഞ്ഞു കിറ്റി അവതരിപ്പിക്കുന്നത് അതത് മേഖലകളിൽ പ്രവർത്തിക്കുന്നവരിൽപ്പോലും കൗതുകം ഉണർത്തുന്നതാണ്.

എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ വിനോദ് നരനാട്ടിന് പരിപാടിയിലെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിനോദിന്റെ ചുമലിൽ പറ്റിച്ചേർന്നു കലഹിച്ചും കളിയാക്കിയും കാര്യംപറഞ്ഞും കാണികളെ കൈയിലെടുക്കുന്ന കിറ്റിയും വിനോദും ബോബനും മോളിയുംപോലെ രാജുവും രാധയും പോലെ ഡോറയും ബുജിയും പോലെ കുഞ്ഞു മനസുകളിലും ഇടംനേടിയിരിക്കുന്നു; മായാത്ത മങ്ങാത്ത ഓണസ്മൃതിപോലെ.