ഒരാഴ്ചക്കാലം നീണ്ടുനിന്ന ഓണം വാരാഘോഷത്തിനു തിരശീല വീണു. പ്രളയദുരിതത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന കേരളത്തിന് ഊർജം പകരുന്നതായിരുന്നു ഈ ഓണവാരം. ജില്ലയിൽ 29 വേദികളിലായി നടന്ന കലാ-സാംസ്‌കാരിക പരിപാടികളെ നാടും നഗരവും നെഞ്ചേറ്റി.

പ്രധാന വേദിയായ കനകക്കുന്നിൽ ഓണം ആഘോഷമാക്കാൻ എത്തിയ അതിഥികളെ എല്ലാദിവസവും വാദ്യമേളങ്ങൾ സ്വീകരിച്ചു. നിശാഗന്ധി, സൂര്യകാന്തി, തിരുവരങ്ങ്, സംഗീതിക, സോപാനം എന്നിങ്ങനെ അഞ്ച് വേദികൾ വിവിധ കലാപരിപാടികളാൽ സമ്പന്നമായി. കഫേ കുടുംബശ്രീയുടെയും സ്വകാര്യ സംരംഭകരുടെയും നേതൃത്വത്തിൽ സജ്ജീകരിച്ച ഭക്ഷ്യമേളയായിരുന്നു മറ്റൊരു ആകർഷണം. എല്ലാദിവസവും മ്യൂസിയം പരിസരത്ത് നടന്ന കളരിപ്പയറ്റിനും ആസ്വാദകർ ഏറെയായിരുന്നു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാഷോ, പൂജപ്പുര മൈതാനത്ത് നടന്ന ഗാനമേളകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായി ശംഖുമുഖത്തു നടന്ന പ്രത്യേക പരിപാടികൾ, തീർത്ഥപാദ മണ്ഡപത്തിലെ പരമ്പരാഗത കലാപരിപാടികൾ, അയ്യങ്കാളി ഹാളിൽ നടന്ന നാടകം, ഗാന്ധിപാർക്കിലെ കഥാപ്രസംഗം എന്നിവയായിരുന്നു നഗരത്തിലെ പ്രധാന കലാപരിപാടികൾ. വെള്ളായണിയിൽ നടന്ന അയ്യങ്കാളി ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ കിരീടം ചൂടി. നഗരത്തിനു പുറത്ത് നെയ്യാർഡാം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലും വർണാഭമായ പരിപാടികൾ നടന്നു.


സമാപന ദിനമായ ഇന്നലെ (സെപ്റ്റംബർ 16) നിശാഗന്ധിയിൽ പിന്നണി ഗായകൻ കാർത്തിക് അവതരിപ്പിച്ച ഗാനമേള ആസ്വാദകർക്ക് ഹരമായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഓണം എക്സ്ട്രീം മെഗാ ഷോ, പൂജപ്പുര മൈതാനത്തെ ഗാനമേള, ശംഖുമുഖം കടപ്പുറത്തു നടന്ന മാജിക്ക് ഷോ, തിരുവാതിര, കഥാപ്രസംഗം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ നൃത്തം, ഗാനമേള, കളരിപ്പയറ്റ് എന്നിവയ്ക്കും വലിയ തിരക്കായിരുന്നു.