പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളേയും രാഷ്ട്രീയ പാര്‍ട്ടികളേയുംകുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

അപകീര്‍ത്തികരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍ സംബന്ധിച്ച പരാതികള്‍ തുടര്‍ നടപടികള്‍ക്കായി പോലീസിന് കൈമാറിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പ്രചാരണം സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.