കണ്ണൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പുനര്‍ നിര്‍മിച്ച വളയംചാല്‍ തൂക്കുപാലാത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
2019 ലെ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന തൂക്കുപാലമാണ് പുനര്‍ നിര്‍മ്മിച്ച് നാട്ടുകാര്‍ക്കായി തുറന്നു കൊടുത്തത്. ഫാമിലെ ജനങ്ങള്‍ക്ക് കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളുമായി ബന്ധപ്പെടാനള്ള ഏറ്റവും അടുത്ത വഴിയാണ് ഈ പാലം. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫെഡറല്‍ ബാങ്കാണ് ഗുണഭോക്തൃ കമ്മിറ്റി മുഖേന പാലം നിര്‍മിച്ചു നല്‍കിയത്.

സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വേലായുധന്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് വി സി സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.