അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നത് പുതുതലമുറയിലൂടെയാവണമെന്ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികൾ ഇന്ന് കാണിക്കുന്ന ഉത്സാഹം സമൂഹത്തിന് തന്നെ മാതൃകയാണ്. പരിസരം ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജില്ലാ കലക്ടർ സാംബശിവറാവു അധ്യക്ഷനായി.

വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ദേശീയ ഹരിതസേനയിലെ അംഗങ്ങൾ, കാലിക്കറ്റ് വൊളണ്ടിയർ കൂട്ടായ്മ, പ്രിഥ്വി റൂട്ട് , കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ , കോസ്റ്റൽ എക്സ് സർവീസ് മെൻ സൊസൈറ്റി ,ദർശനം സംസ്കാരിക വേദി  തുടങ്ങിയ സംഘടനകൾ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു.

രാവിലെ 7.30 ന്  കോർപ്പറേഷൻ കാര്യാലയത്തിന്റെ മുൻഭാഗത്ത് നിന്നാണ് ശുചീകരണം ആരംഭിച്ചത്. ഡെപ്യൂട്ടി മേയർ മീര ദർശക് , ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബാബുരാജ്  കെ.വി, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്.ഗോപകുമാർ, എനർജി മാനേജ്മെൻറ് സെന്റർ ജില്ലാ കോർഡിനേറ്റർ ഡോ.എൻ.സിജേഷ്, ദേശീയ ഹരിതസേന ജില്ലാ കോർഡിനേറ്റർ എം.എ.ജോൺസൺ, രമേഷ് ബാബു.പി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റിഷാദ്.കെ., ബൈജു.കെ.കാലിക്കറ്റ്‌ വോളന്റീർ ടീമിന്റെ  ആയ ഡോ. മുഹമ്മദ്‌ ഷെഫീർ എന്നിവരടക്കം 400 ലേറെ വൊളണ്ടിയർമാരുടെ ശ്രമഫലമായ് 45‌0 ലേറെ ചാക്ക് അജൈവ മാലിന്യങ്ങൾ  ശുചീകരണത്തിലൂടെ നീക്കം ചെയ്തു. കാപ്പാട് ബീച്ചിൽ നിന്ന് കൊണ്ട് വന്ന ബരാക്കുഡ മെഷിന്റെ സഹായത്തോടെയായിരുന്നു ശുചീകരണം.

പ്ലാസ്റ്റിക് മുക്ത കടലെന്ന ആശയത്തിലധിഷ്ടിതമായ പ്ലക്കാർഡുകൾ പിടിച്ച് കൊണ്ട് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥികൾ റാലി നടത്തി. ക്ലീൻ ബീച്ച് മിഷന്റെ ഭാഗമായ് വിവിധ സ്പോൺസർമാരുടെ സഹായത്തോടെ ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായ് ബിന്നുകൾ സ്ഥാപിക്കും.

ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും  ജില്ലാ ഭരണകൂടത്തിൻറെ ക്ലീൻ ബീച്ച് മിഷനും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും സൗത്ത് ബീച്ചില്‍ നടന്നു.

തീരദേശ ശുചീകരണത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍  കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും  സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തത്.