വൈദ്യുതിയുടെ ഉപഭോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്യുന്ന ഘട്ടത്തിൽ ബദൽ ഊർജങ്ങൾക്ക് ഊന്നൽ നൽകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിഞ്ഞനോർജം പദ്ധതിയടക്കം പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉൽഘാടനം പെരിഞ്ഞനം യമുനാ കാസിൽ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനം പുറത്തു നിന്നു വാങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30 ശതമാനത്തിൽ കൂടുതലും ജല വൈദ്യുത പദ്ധതികൾ വഴിയാണ്. സൗരോർജ്ജ ഉൽപ്പാദനം ഒരേ സമയം വൈദ്യുതി ഉപഭോഗം കുറക്കുകയും ആഗോള താപനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ഇക്കാര്യത്തിൽ പെരിഞ്ഞനം പഞ്ചായത്ത് രാജ്യത്തിനു തന്നെ മാതൃകയാണ്. പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും മാത്രമല്ല ശ്രദ്ധേയമായ നടപ്പാക്കുന്നതിലും അധികൃതർ ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ പദ്ധതികൾ തുടങ്ങിയിടത്ത് തന്നെ നിന്നു പോകും. പദ്ധതികൾ യഥാക്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊതുജനത്തിന്റെ കൂടി കർത്തവ്യമാണ്.

ഇക്കാര്യത്തിൽ ‘പെരിഞ്ഞനം ടച്ച്’ മാതൃകയാക്കാവുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സർവതല സ്പർശിയയ വികസനം സമൂഹത്തിൻറെ പൊതുവായ വികസനത്തിൽ പ്രധാനമാണ്. ഇക്കാര്യത്തിൽ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി മാതൃകയാക്കാവുന്നതാണ് പെരിഞ്ഞനം പഞ്ചായത്തിലെ പദ്ധതികളെന്ന് പറഞ്ഞ മുഖ്യമന്ത്രി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സച്ചിത്ത്, പഞ്ചായത്ത് അംഗം സയ്യിദ എന്നിവരെ അനുമോദിച്ചു.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ബയോഫാർമസിയുടെ ഉദ്ഘാടനവും ബെന്നി ബഹനാൻ എം.പി ഫ്ളാറ്റുകളുടെ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ അബീദലി, കെഎസ്ഇബി മുൻ ചെയർമാൻ ടി എൻ മനോഹരൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതമ്മ, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ ജെയിൻ, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി. കുമാരൻ, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, സാഫ് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ വി പ്രശാന്തൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പതി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡേവിഡ് ജോൺ മോറിസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.എസ് ശുഭ, ഫ്ളാറ്റുകൾ നിർമിച്ചു നൽകുന്ന മുഹമ്മദ് മതിലകത്ത് വീട്ടിലിൻറെ മകൻ ഷമീർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കെ സച്ചിത്ത്, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വി സുരേഷ് ബാബു, മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ ജി സുരേന്ദ്രൻ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻറ് ഇ കെ മല്ലിക, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ പി ആദർശ്, എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.