സർക്കാർ ലക്ഷ്യമിടുന്നത് കാർഷിക മേഖലയുടെ പുനസൃഷ്ടി: മുഖ്യമന്ത്രി

കേരളീയ കാർഷിക മേഖലയുടെ പുനസൃഷ്ടിയാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും അതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ച് അഗ്രോപാർക്കുകൾ കാലാവധിക്കുളളിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ അഗ്രോപാർക്കായ ബനാന ഹണി പാർക്കിന്റെ നിർമ്മാണോദ്ഘാടനം തൃശൂർ കണ്ണാറയിലെ മോഡൽ ഹോർട്ടികൾച്ചറൽ ഫാമിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാർഷികോൽപനങ്ങളെ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണനം നടത്തുകയാണ് അഗ്രോപാർക്കുകളുടെ ലക്ഷ്യം. കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണിത്. കേരത്തിന്റെ നാടായ കേരളത്തിൽ തേങ്ങയുടെ ഉൽപാദനം കുറഞ്ഞിരിക്കുന്നു.

ഇത് പരിഹരിക്കാനാണ് 500 പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും 75 തെങ്ങിൻതൈകൾ വീതം നൽകിയത്. അടുത്ത വർഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും തെങ്ങിൻതൈ വിതരണം ചെയ്യും. കോഴിക്കോട്ട് നാളികേരം അടിസ്ഥാനമാക്കി പാർക്ക് സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമായാണ്. നാളികേര മൂല്യവർദ്ധിത ഉൽപന്നങ്ങൾ സംബന്ധിച്ച അറിവുകളുടെ സമാഹരണത്തിന് അന്താരാഷ്ട്ര വൈജ്ഞാനിക സെമിനാർ സംഘടിപ്പിക്കും മുഖ്യമന്ത്രി പറഞ്ഞു.

റബറിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഒരു കമ്പനിക്ക് രൂപം നൽകി കഴിഞ്ഞു. കാപ്പി പ്രത്യേക ബ്രാന്റായി വിപണനം നടത്താനുളള നടപടികളും പുരോഗമിക്കുന്നു. പച്ചക്കറികൾ സൂക്ഷിക്കാൻ പ്രത്യേക ശീതികരണ സംവിധാനവും വിപണനത്തിന് ശീതീകരിച്ച വാഹനങ്ങളും ലഭ്യമാക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണാറയിൽ 25.13 കോടി രൂപ ചെലവിലാണ് അഞ്ച് ഏക്കറിൽ ബനാന ഹണി പാർക്ക് സ്ഥാപിക്കുന്നത്. 150 മെട്രിക് ടൺ നേന്ത്രപ്പഴവും ഒരു ടൺ തേനും സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. 150 ലേറെ ഭക്ഷ്യഉൽപന്നങ്ങൾ ഇത്തരത്തിൽ ബനാന-ഹണി പാർക്ക് വഴി വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എട്ട് മാസത്തിനുളളിൽ പാർക്കിന്റെ നിർമ്മാണ പൂർത്തീയാക്കാനാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷികമേഖലയിൽ സംസ്ഥാന സർക്കാർ നടത്തിയ നയപരമായ മാറ്റത്തിന്റെ ദൃഷ്ടാന്തമാണ് അഗ്രോ പാർക്കുകളുടെ രൂപീകരണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

കർഷകരുടെ പ്രൊഡ്യൂസർ കമ്പനികൾക്ക് മുഖ്യപങ്കാളിത്തമുളള സ്ഥാപനമായാണ് പാർക്ക് വിഭാവനം ചെയ്യുന്നത്. കർഷകർ സംരംഭകരാകുന്ന സംവിധാനമെന്ന നിലയിൽ സംസ്ഥാനത്തെ ആദ്യചുവടുവെപ്പാണിതെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി. കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രത്തൻ യു ഖേൽക്കർ പദ്ധതി വിശദീകരിച്ചു.

ഇ ടി ടൈസൺമാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു, കെയ്‌കോ ചെയർമാൻ സുൽഫിക്കർ മയൂരി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി അനിത, പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ സെക്രട്ടറി പി എസ് വിനയൻ, കർഷക പ്രതിനിധികളായ ടി എസ് കൃഷ്ണൻ, എം ആർ സജയകുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഗവ. ചീഫ് വിപ്പ് കെ രാജൻ സ്വാഗതവും കെയ്‌കോ എംഡി കെ പി ശശികുമാർ നന്ദിയും പറഞ്ഞു.