സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.

തസ്തികകള്‍

സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്പെക്ടര്‍ (വനിത) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബി.എം.സി ടെക്നീഷ്യന്‍ തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജിണല്‍ സയന്‍സ് സെന്‍റര്‍ ആന്‍റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ചെലവ് സയന്‍സ് സെന്‍ററിന്‍റെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തീരുമാനം.

വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നും ഉള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.

 

നിയമനങ്ങള്‍ / മാറ്റങ്ങള്‍

1.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ്കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും.

2.എ.പി.എം മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. നികുതി (എക്സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

3.ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

4.അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

5.അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

6.കെ.ടി. വര്‍ഗ്ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും.

7.തിരുവനന്തപുരം സബ് കളക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.

8.ദേവികുളം സബ് കളക്ടര്‍ വി.ആര്‍. രേണുരാജ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കും.

9.ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍.കെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

10.കോഴിക്കോട് സബ് കളക്ടര്‍ വി. വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.