റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലെങ്കില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചോ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുപയോഗിച്ചോ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ കൊയ്ത്ത് ആരംഭിക്കുന്ന സാഹചര്യത്തില്‍ മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണെന്ന് കെ.ബാബു എം.എല്‍. എ പറഞ്ഞു. ജില്ലയില്‍ നെല്ല് സംഭരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചു.  അതിനാല്‍ നെല്ല് സംരണത്തിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി, വടക്കഞ്ചേരി, പട്ടാമ്പി മേഖലകളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ സംഭരിക്കുക. ഒരു ലക്ഷം മെട്രിക് ടണ്‍ നെല്ലാ ശേഖരിക്കുന്നതിനാണ് കര്‍ഷകര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്നും ഒരു രൂപ വര്‍ദ്ധിപ്പിച്ച് 26.95 രൂപയാണ് നെല്ലിന് നല്‍കുന്നത്. നിലവില്‍ കാലടിയിലെ മില്ലുമായാണ് ധാരണയായിരിക്കുന്നതെന്നും സപ്ലൈകോ അറിയിച്ചു.
അട്ടപ്പാടി ചുരം റോഡ്, മണ്ണാര്‍ക്കാട് ടൗണ്‍ ഉള്‍പ്പെടെയുള്ള ദേശീയപാത 966 ലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഴമൂലം നിര്‍ത്തിവെച്ച ദേശീയപാത 966ലെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. പരുതൂര്‍ പാടശേഖരത്തില്‍ വെള്ളം ലഭ്യമാക്കുന്നതിനായി  സമീപത്തെ പുഴയില്‍ നിന്നും രാത്രി സമയത്തും പമ്പിങ് നടത്താന്‍ അനുവാദം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അറിയിച്ചു. നിലവില്‍ പകല്‍സമയത്ത് മാത്രമാണ് പമ്പിങ് നടത്തുന്നത്.  സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ കൃഷി വകുപ്പിനോടാവശ്യപ്പെട്ടു.
ജില്ലയില്‍ തെരുവ്നായ് വന്ധ്യംകരണത്തിന്റെ ഭാഗമായി നാല്‍പതിനായിരത്തോളം പട്ടികളെ വന്ധ്യംകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മാലിന്യനിര്‍മാര്‍ജ്ജനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായി. എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന്‍, കെ.ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പ്രമേയം അവതരിപ്പിച്ചു

ജില്ലയില്‍ കൊയ്ത്ത് ആരംഭിക്കുന്ന സമയത്ത് മഴ മാറാതെ നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണെന്നും അതിനാല്‍ നെല്ല് സംഭരണത്തിനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കെ.ബാബു എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പിന്താങ്ങി.