റബ്ബര്‍ പ്രൊഡക്ട്‌സ് കമ്പനി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. വിലത്തകര്‍ച്ച മൂലം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും വ്യാവസായിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പാപ്പിനിശ്ശേരി ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് അങ്കണത്തില്‍ കണ്ണൂര്‍ റബ്ബര്‍ പ്രൊഡക്ട്‌സ് കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ വിലത്തകര്‍ച്ചയാണ് റബ്ബര്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്നത്. രാജ്യത്ത് റബ്ബര്‍ ഉല്‍പാദനത്തില്‍ 78 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കൃഷിഭൂമിയുടെ 21 ശതമാനവും സംസ്ഥാനത്ത് റബ്ബര്‍ കൃഷിക്കാണ് ഉപയോഗിക്കുന്നത്. റബ്ബര്‍ ഇറക്കുമതി നയം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നാണ് അവര്‍ക്കുവേണ്ട റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്.

2016 മുതല്‍ റബ്ബര്‍ വിലയില്‍ വലിയതോതില്‍ ഇടിവുണ്ടായി. ഇത് ഈ മേഖലയില്‍ നിന്ന് കര്‍ഷകരെ പിന്നോട്ട് വലിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനായി കോട്ടയം കേന്ദ്രീകരിച്ച് റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായും കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റബ്ബര്‍ കര്‍ഷകര്‍ക്കായി മലപ്പട്ടം ആസ്ഥാനമാക്കി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്- മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മ്മിക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് മുഴുവന്‍ റബ്ബറും ശേഖരിക്കും. വിപണി സാധ്യത പരിശോധിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വിപണനം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും. നവംബര്‍ ആദ്യവാരത്തോടെ ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ച് ആറ് മാസത്തിനകം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിന് ഈ ജില്ലകളിലെ കര്‍ഷകരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പാപ്പിനിശ്ശേരിയില്‍ മലബാര്‍ സിമന്റ്‌സിന്റെ ഗ്രൈന്‍ഡിംഗ് യൂണിറ്റ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന മലബാര്‍ സിമന്റ്‌സ് പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

തൊഴിലാളികളെ സംരക്ഷിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തകര്‍ന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. ഒരു വ്യവസായ സ്ഥാപനത്തെയും ദുരുപയോഗപ്പെടുത്താനോ അഴിമതി നടത്താനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പട്ടത്ത് ആരംഭിക്കുന്ന റബ്ബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയുടെ കമ്പനി ഓഫീസാണ് പാപ്പിനിശ്ശേരി ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് ലിമിറ്റഡ് കോമ്പൗണ്ടില്‍ ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ കീഴില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്.

റബ്ബര്‍ കൈയ്യുറകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ചെറുകിട റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തും. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 26 ശതമാനം കെഎസ്‌ഐഡിസിക്കും 74 ശതമാനം ഓഹരി സ്വകാര്യ പങ്കാളികള്‍ക്കും നല്‍കും. റബ്ബര്‍ കര്‍ഷകര്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവരെയും പങ്കാളികളാക്കും.

ഫാക്ടറി ആരംഭിക്കുന്നതിനായി 2.13 ഏക്കര്‍ ഭൂമിയാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കുന്നത്. ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പജന്‍, കേരള ക്ലെയിസ് ആന്റ് സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, എംഡി അശോക് കുമാര്‍, കേരള റബ്ബര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ പി വേണുഗോപാലന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, മാനേജര്‍ സാഹില്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.